ഇരിട്ടി: സ്ഥലപ്പേരിലെ അവ്യക്തത മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന പ്രയാസവും ബുദ്ധിമുട്ടും പരിഹരിക്കാൻ, പുതുതായി നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്ന ഇരിട്ടിയിലെ ഉളിയിൽ സബ് രജിസ്ട്രാർ ഓഫിസിെൻറ സ്ഥലപ്പേര് ഇരിട്ടിയെന്നാക്കണമെന്ന ആവശ്യം ശക്തമാകുന്നു. രജിസ്ട്രാർ ഓഫിസിെൻറ പ്രവർത്തന കേന്ദ്രവും പേരിലെ സ്ഥലവും തമ്മിൽ കിലോമീറ്ററുകളുടെ അന്തര മുള്ളതിനാലും രണ്ടും രണ്ടു പ്രദേശങ്ങളിലായതിനാലും പുതുതായി സബ് രജിസ്ട്രാർ ഓഫിസിൽ വിവിധ ആവശ്യത്തിനായെത്തുന്നവർ ചാവശ്ശേരി വില്ലേജ് പരിധിയിലെ ഉളിയിൽ ടൗണിലെത്തി അബദ്ധം പിണഞ്ഞ് വീണ്ടും ഇരിട്ടിയിലെ ഓഫിസിലേക്ക് മടങ്ങിവരേണ്ട സാഹചര്യമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച സബ് രജിസ്ട്രാർ ഓഫിസ് ഇരിട്ടി മേഖലയിൽ ആദ്യമാരംഭിച്ചത് ചാവശ്ശേരി വില്ലേജിലെ ഉളിയിൽ ആയിരുന്നു. ഇതിനാൽ ആദ്യകാലം മുതൽ സ്ഥലപ്പേരുകൂടി ചേർത്ത് ഉളിയിൽ സബ് രജിസ്ട്രാർ ഓഫിസ് എന്ന പേരിലായിരുന്നു നിലവിലുള്ള ഓഫിസ് അറിയപ്പെട്ടിരുന്നത്.
പിന്നീട് 40 വർഷം മുമ്പ് ഇപ്പോഴുള്ള ഇരിട്ടി കീഴൂരിലേക്ക് ഓഫിസ് പ്രവർത്തനം മാറിയിട്ടും ഉളിയിൽ സബ് രജിസ്ട്രാർ ഒാഫിസ് എന്ന പേരിൽ തന്നെയാണ് അറിയപ്പെട്ടിരുന്നത്. സ്ഥലവും വില്ലേജും മാറി ഓഫിസ് പ്രവർത്തന കേന്ദ്രം മറ്റൊരു പ്രദേശത്തേക്ക് മാറ്റിസ്ഥാപിച്ച് നാലു പതിറ്റാണ്ട് പിന്നിട്ടിട്ടും സ്ഥലപ്പേരിൽ മാറ്റം വരുത്താത്തതാണ് പൊതുജനങ്ങളെ വലക്കുന്നത്.
ഇതേത്തുടർന്നാണ്, ഒന്നരക്കോടി രൂപ ചെലവിട്ട് ഇരിട്ടിയിൽ ഓഫിസ് കെട്ടിടനിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്ന സബ് രജിസ്ട്രാർ ഓഫിസിന്, ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലപ്പേര് നൽകണമെന്ന ആവശ്യമുയരുന്നത്. സബ് രജിസ്ട്രാർ ഓഫിസിെൻറ പേര് ഇരിട്ടി സബ് രജിസ്ട്രാർ ഓഫിസ് എന്ന് പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഒാൾ കേരള ഡോക്യുമെൻറ് റൈറ്റേഴ്സ് അസോസിയേഷൻ മേഖല പ്രസിഡൻറ് എം.പി. മനോഹരൻ മുഖ്യമന്ത്രിക്കും രജിസ്ട്രേഷൻ മന്ത്രിക്കും രജിസ്ട്രേഷൻ ഐ.ജിക്കും അപേക്ഷ നൽകി.
ഇരിട്ടി താലൂക്ക് കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ച ഇരിട്ടി താലൂക്ക് ഓഫിസ്, ട്രഷറി, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, ലേബർ ഓഫിസ്, ജോ. ആർ.ടി.ഒ ഓഫിസ്, സപ്ലൈ ഓഫിസ്, ട്രൈബൽ െഡവലപ്മെൻറ് ഓഫിസ് എന്നീ സ്ഥാപനങ്ങളെല്ലാം അറിയപ്പെടുന്നത് അതത് സ്ഥാപനത്തിെൻറ ആസ്ഥാന കേന്ദ്രത്തിെൻറ സ്ഥലനാമത്തോടു കൂടിയാണെന്നും അപേക്ഷയിൽ പറയുന്നു. സബ് രജിസ്ട്രാർ ഓഫിസിെൻറ പുതിയ കെട്ടിടം ജൂലൈ ആദ്യവാരം രജിസ്ട്രേഷൻ മന്ത്രി വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.