ഇരിട്ടി: ഇരിട്ടി മേഖലയിൽ തുടർക്കഥയായി ക്ഷേത്രക്കവർച്ചകൾ. ശനിയാഴ്ച രാത്രി എടക്കാനം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് കവർന്നത് കാൽ ലക്ഷത്തോളം രൂപ.
കഴിഞ്ഞ ദിവസം ക്ഷേത്രം ഭാരവാഹികൾ ഭണ്ഡാരങ്ങൾ തുറന്ന് ഓഫിസിലെ അലമാരയിൽ സൂക്ഷിച്ച പണമാണ് പൂട്ട് തകർത്ത് കള്ളൻ മോഷ്ടിച്ചത്. ഓഫിസിനകത്തെ രണ്ട് അലമാരകളുടെയും മേശയുടെയും പൂട്ട് തകർത്ത് രേഖകളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. ക്ഷേത്രം ശ്രീകോവിലും അയ്യപ്പക്ഷേത്രത്തിെൻറ മുന്നിലെ ഭണ്ഡാരവും കുത്തിത്തുറന്ന നിലയിലാണ്.
പുലർച്ച 5.30ഓടെ ക്ഷേത്രത്തിലെത്തിയ മേൽശാന്തിയാണ് മോഷണം നടന്നത് കാണുന്നത്. ഉടൻ ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. ക്ഷേത്രം ഭാരവാഹികൾ ഇരിട്ടി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇരിട്ടി മേഖലയിലെ നിരവധി ക്ഷേത്രങ്ങളിലാണ് മോഷണവും മോഷണശ്രമങ്ങളും നടന്നത്. മാടത്തിൽ പൂവത്തിൻകീഴ് ഭഗവതി ക്ഷേത്രം, പുന്നാട് കുഴുമ്പിൽ ഭഗവതി ക്ഷേത്രം, തില്ലങ്കേരി ശിവക്ഷേത്രം, കോളിക്കടവ് എടവൂർ ശിവക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടന്നു. ഇവിടങ്ങളിൽ നിന്നും പണം കൂടാതെ സ്വർണാഭരണങ്ങളും മോഷണം പോയിരുന്നു.
കഴിഞ്ഞയാഴ്ച കീഴൂർ മഹാദേവ ക്ഷേത്രത്തിലും മോഷണശ്രമം നടന്നെങ്കിലും മോഷ്ടാവിന് അകത്തു കടക്കാനായില്ല.
ചുറ്റമ്പലത്തിെൻറ രണ്ട് ഓടുകൾ ഇളക്കി മാറ്റുകയും ഇവ നിലത്തു വീണുടയുകയും ചെയ്ത നിലയിലാണ് രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തർ കണ്ടത്. ഓടുകൾ വീണു പൊട്ടിയതിനാലോ ഒരു വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ടു അന്നേദിവസം ഊട്ടുപുരയിൽ പാചകക്കാരും മറ്റും ഉണ്ടായിരുന്നത് ശ്രദ്ധയിൽപെട്ടതിനാലോ മോഷണശ്രമം ഉപേക്ഷിച്ചതാവാം എന്നാണ് കരുതുന്നത്. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.