ഇരിട്ടി: കാൽ തെറ്റി റോഡിൽ വീണ വയോധികന്റെ മേൽ രണ്ട് വാഹനങ്ങൾ കയറിയിറങ്ങി കൊല്ലപ്പെട്ട കേസിൽ നിർത്താതെ പോയ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ.
ഇരിട്ടി എസ്.ഐ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സി.സി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് സൈബർ പൊലീസ് സഹായത്തോടെ വണ്ടികൾ കസ്റ്റഡിയിലെടുത്തത്. പിടികൂടിയ വാഹനങ്ങൾ പൊലീസ് സംഘത്തിന്റെ വിശദ പരിശോധനയിലാണ്.
ആറളം സ്വദേശിയുടെ ഐറിസ് നാല് ചക്ര ഓട്ടോറിക്ഷയാണ് റോഡിൽ വീണ ഇടുക്കി സ്വദേശി രാജന്റെ ദേഹത്ത് ആദ്യം കയറിയിറങ്ങിയത്. രണ്ടാമത്തെ വണ്ടി അഞ്ചരക്കണ്ടി സ്വദേശിയുടെ ഇന്നോവ ക്രിസ്റ്റ കാറാണെന്നും പൊലീസ് പറഞ്ഞു. ഇരിട്ടിക്കടുത്ത കീഴൂർകുന്ന് റോഡ് നടപ്പാത വഴി നടക്കുന്നതിനിടെ കാൽ തെറ്റി റോഡിലേക്ക് വീണതായും തുടർന്ന് രണ്ട് വണ്ടികൾ ഇദ്ദേഹത്തിന്റെ ദേഹത്ത് കയറിയെന്നുമാണ് കേസ്.
രണ്ട് വണ്ടികളും നിർത്താതെ പോയതിനെത്തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വണ്ടികൾ നിർത്താതെ പോയതിനെത്തുടർന്ന് റോഡിൽ ചോരവാർന്ന് കിടന്ന രാജനെ പിന്നീടെത്തിയ വാഹന ഡ്രൈവർമാരാണ് ആശുപത്രിയിലെത്തിച്ചത്.
ഗുരുതര പരിക്കേറ്റ രാജനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചയോടെ മരണപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.