ഇരിട്ടി: സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കെ.എസ്.ആർ.ടി.സി കണ്ടക്ടർക്കു മർദനം. പാലാ -കുടിയാന്മല റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർക്കാണ് മർദനമേറ്റത്. എടത്തൊട്ടി സ്വദേശി കാരക്കുന്നേൽ ജിബു ജോസഫിനെതിരെ കണ്ടക്ടർ പൊലീസിൽ പരാതി നൽകി.
വെള്ളിയാഴ്ച വൈകീട്ട് ആറിന് കോട്ടയം ജില്ലയിലെ പാലായിൽനിന്ന് പുറപ്പെട്ട ബസിൽ മൂവാറ്റുപുഴയിൽനിന്ന് കയറിയ ജിബു ജോസഫ് സ്ത്രീകൾക്ക് സംവരണം ചെയ്ത സീറ്റിൽ ഇരിക്കുകയായിരുന്നുവത്രെ. സ്ത്രീ യാത്രക്കാരാരും ഇല്ലാത്തതിനാൽ അതേ സീറ്റിലിരുന്ന് യാത്ര തുടർന്നു. പിന്നീട് പെരുമ്പാവൂരിൽനിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കയറിയതോടെ കണ്ടക്ടർ ജിബുവിനോട് വേറെ സീറ്റിലേക്ക് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. ഇത് വാക്കേറ്റത്തിൽ കലാശിച്ചു. തുടർന്ന് ബസിലുള്ള മറ്റു യാത്രക്കാരും ഇടപെട്ട് ഇദ്ദേഹത്തെ മറ്റൊരു സീറ്റിലേക്ക് മാറ്റി. ഇതേ ചൊല്ലിയുള്ള തർക്കം തുടർന്നതോടെ കാലടിയിൽ എത്തിയപ്പോൾ പൊലീസും പ്രശ്നത്തിൽ ഇടപെട്ടു.
പ്രശ്നം പരിഹരിച്ച് പുലർച്ച ഉളിയിൽ ടൗണിൽ എത്തിയപ്പോൾ ജിബു ജോസഫ് മുന്നിലിരുന്ന കണ്ടക്ടർ ലിജിൻ ജെ. മാത്യുവിെൻറ അടുത്തെത്തി അസഭ്യം പറഞ്ഞതായും മർദിച്ചതായും പറയുന്നു. ബസ് ഇരിട്ടി ബസ്സ്റ്റാൻഡിൽ നിർത്താതെ നേരെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇതോടെ കുടിയാന്മലയിലേക്ക് പോകേണ്ട ബസിെൻറ സർവിസും മുടങ്ങി. കണ്ടക്ടർ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച വൈകീട്ട് കുടിയാന്മലയിൽനിന്ന് പാലായിലേക്ക് പോകേണ്ട ട്രിപ്പും മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.