ഇരിട്ടി: റോഡരികിലെ അപകടഭീഷണിയിലായ മരങ്ങൾ വീണ് വാഹന യാത്രക്കാരും കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. ഉളിക്കൽ അട്ടറഞ്ഞിയിൽ സ്കൂട്ടർ യാത്രക്കാരിയുടെ ദേഹത്ത് മരക്കൊമ്പ് വീണ് കഴിഞ്ഞ ദിവസവും അപകമുണ്ടായി.
ഉളിക്കൽ- ഇരിട്ടി റൂട്ടിൽ ഒരു വർഷം മുമ്പ് മരം വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചിരുന്നു. ഇരിട്ടി പേരാവൂർ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിൽ മരം വീണ് നേരത്തെ നിരവധി അപകടമുണ്ടായിട്ടുണ്ട്. പയംഞ്ചേരി മുതൽ പെരുമ്പുന്ന വരെയുള്ള ഭാഗങ്ങളിൽ നിരവധി മരങ്ങളാണ് റോഡിലേക്ക് ചാഞ്ഞ് ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിലും ജീർണിച്ചും നിൽക്കുന്നത്. പൊതുമരാമത്ത് റോഡിന്റെ വശങ്ങളിലാണ് മരങ്ങൾ ഏറെയും.
റോഡരികിലെ ഉണങ്ങിയതും ഭീഷണിയാകുന്നതുമായ മരങ്ങൾ മുറിച്ചുനീക്കണമെന്ന് താലൂക്ക് സഭകളിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമെല്ലാം നിരന്തരം ആവശ്യപ്പെടാറുണ്ട്. ഉടൻ നീക്കുമെന്ന മറുപടിയാണ് ബന്ധപ്പെട്ടവരിൽനിന്ന് ഉണ്ടാകാറുള്ളത്.
ഉണങ്ങി ഏതു നിമിഷവും നിലംപൊത്തറായ മരങ്ങൾ പോലും സാമൂഹിക വനവത്കരണ വിഭാമെത്തി മരത്തിന്റെ പ്രായവും വിലയും നിശ്ചയിച്ച് വേണം മുറിക്കാൻ. ഇത്തരം നടപടികൾ പൂർത്തിയാക്കാൻ വൈകുന്നത് മൂലമാണ് മരങ്ങളും അപകടാവസ്ഥയിലായ ചില്ലകളും നിലംപൊത്തുന്നത്.
ഇരിട്ടി- തളിപ്പറമ്പ് റൂട്ടിലും അപകടാവസ്ഥയിലായതും ഉണങ്ങിയതുമായ നിരവധി മരങ്ങൽ ഉണ്ട്. ബന്ധപ്പെട്ടവർ പരിശോധന നടത്തി പോയെങ്കിലും തുടർ നടപടികയുണ്ടായില്ല. കൂട്ടുപുഴ-വീരാജ്പേട്ട അന്തർ സംസ്ഥാന പാതയിൽ കൂട്ടുപുഴ മുതൽ പെരുമ്പാടി വരെയുള്ള 16 കിലോമീറ്റർ ചുരം റോഡിന്റെ ഇരുവശങ്ങളിലും നിരവധി മരങ്ങളാണ് അപകട ഭീക്ഷണി ഉയർത്തി നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.