ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ ജനവാസ മേഖലകളിൽ പുലിയുടെ സ്ഥിരസാന്നിധ്യം ജനങ്ങളെ ആശങ്കയിലാക്കുന്നു. രണ്ടാഴ്ചക്കിടയിൽ മേഖലയിലെ ആറോളം പ്രദേശങ്ങളിലാണ് ഗ്രാമവാസികൾ പുലിയെ നേരിട്ടു കാണുന്നത്. പുലിയുടെ സാന്നിധ്യം ഉറപ്പിക്കുന്ന രീതിയിൽ നാലിടങ്ങളിൽ കാട്ടു പന്നിയുടേയും കുറുക്കന്റെയും അവശിഷ്ടങ്ങളും കണ്ടെത്തി.
പുല്ലാട്ടുംഞാലിലും ആലാച്ചിയിലും കാട്ടുപന്നിയെ അജ്ഞാത ജീവി കടിച്ചുകൊന്നനിലയിൽ കണ്ടെത്തിയിരുന്നു. പ്രദേശത്ത് പരിശോധന നടത്തിയ വനംവകുപ്പ് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ പുലിയാകാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിരുന്നു. കാമറ സ്ഥാപിച്ചെങ്കിലും തെരുവുനായ്ക്കളുടെ ദൃശ്യമാണ് കാമറയിൽ പതിഞ്ഞത്.
ചൊവ്വാഴ്ച പുലർച്ച വാഴക്കാൽ ഊർപ്പള്ളിയിൽ വീണ്ടും പുലിയെ കണ്ടതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്. ടാപ്പിങ് തൊഴിലാളിയായ അപ്പച്ചനും ഭാര്യ ഗിരിജയുമാണ് റബർ തോട്ടത്തിൽ പുലിയെ കണ്ടത്. കഴിഞ്ഞ ദിവസം കാട്ടുപന്നിയെ അജ്ഞാത ജീവി കടിച്ചുകൊന്ന പുല്ലാട്ടുംഞാലിൽ നിന്നും ഒരു കിലോമീറ്റർ താഴെ ദൂരമെ ഊർപ്പള്ളിയിലേക്കുള്ളൂ.
പുലർച്ച അഞ്ചരയോടെ ടാപ്പിങ് നടത്തുന്നതിനിടയിൽ കാട്ടുപന്നി ഓടുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് റബർ മരങ്ങൾക്കിടയിലൂടെ പുലി നടന്നുവരുന്നത് ഇരുവരുടെയും ശ്രദ്ധയിൽപെട്ടത്. ഇരുവരും ടാപ്പ് ചെയ്യുന്ന റബർ മരത്തിൽനിന്ന് 20 മീറ്റർപോലും അകലം ഉണ്ടായിരുന്നില്ല. ടോർച്ചിന്റെ വെട്ടം കണ്ടപാടെ പുലി മറ്റൊരു വഴിയിലൂടെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറയുകയായിരുന്നു.
പുലിയെ കണ്ടതോടെ ടാപ്പിങ് നിർത്തി ഷെഡിലേക്ക് പോവുകയും നേരം വെളുത്തതിനു ശേഷമാണ് ടാപ്പിങ് തുടങ്ങിയതെന്നും അപ്പച്ചൻ പറഞ്ഞു. തില്ലങ്കേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. രതീഷ്, വാർഡ് അംഗം എം. മനോജ് എന്നിവരും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.