ഇരിട്ടി: ഇരിട്ടിയിൽ മുനിസിപ്പൽ ടൗൺഹാളും മൾട്ടി ലെവൽ ഷോപ്പിങ് കോംപ്ലക്‌സും നിർമിക്കാൻ ഒരുകോടി രൂപ വകയിരുത്തിയും നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഒരുലക്ഷം തൊഴിൽദിനങ്ങൾ ഉറപ്പാക്കാൻ 36 കോടിയുടെ പദ്ധതി നിർദേശിച്ചുമുള്ള നഗരസഭ ജൻഡർ ബജറ്റ് വൈസ് ചെയർമാൻ പി.പി. ഉസ്‌മാൻ അവതരിപ്പിച്ചു.
ചെയർമാൻ കെ. ശ്രീലത അധ്യക്ഷയായി. ടൗൺ സ്‌ക്വയർ രൂപകൽപനക്ക് കാൽ കോടി വകയിരുത്തി. ഗതാഗതക്കുരുക്കും പാർക്കിങ് പ്രതിസന്ധിയും ഒഴിവാക്കാൻ സ്വകാര്യ പങ്കാളിത്തത്തിൽ മൾട്ടി ലെവൽ റൊട്ടേട്ടറി പാർക്കിങ് സംവിധാനമൊരുക്കാനും നിർദേശമുണ്ട്. പൊതുശ്‌മശാനം വാതകശ്‌മശാനമാക്കി നവീകരിക്കൽ, സ്‌കൂൾ വികസനപദ്ധതികൾ എന്നിവക്ക് കാൽകോടി രൂപ വീതം.
മിനി സ്‌റ്റേഡിയവും വാർഡുതോറും കളിസ്ഥലവും നിർമിക്കാൻ ബഹുവർഷ പദ്ധതി. തനത് വർഷത്തിൽ പദ്ധതിക്ക് 50 ലക്ഷം. സ്ത്രീകൾക്കായി ജൻഡർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, വനിതാ ഹോസ്റ്റൽ സമുച്ചയം എന്നിവ നിർമിക്കാൻ 10 ലക്ഷം വീതം. പെൺകുട്ടികൾക്കായി കരിയർ കൗൺസലിങ്, ഇന്റർവ്യൂ, മത്സര പരീക്ഷാപരിശീലനങ്ങൾക്കായി അഞ്ച് ലക്ഷം. വുമൺ ഫെസിലിറ്റേറ്റർ, സ്ത്രീകൾക്ക് വിശ്രമകേന്ദ്രം, ഷീ ടോയ്‌ലറ്റ്, വനിതാ കഫേകൾ എന്നിവക്ക് 25 ലക്ഷം. തെരുവ് കച്ചവടക്കാരുടെ ക്ഷേമത്തിന് 25 ലക്ഷം, അനാഥർക്കായി അഭയകേന്ദ്രങ്ങൾ നിർമിക്കാൻ 25 ലക്ഷം, യുവജനങ്ങൾക്ക് നൈപുണ്യ വികസനം, തൊഴിൽമേള എന്നിവ നടപ്പാക്കും.
പട്ടികജാതി-വർഗ വിഭാഗത്തിൽ യുവജന സംരംഭകത്വ ക്യാമ്പ് നടത്താൻ അഞ്ചു ലക്ഷം, മത്സ്യ, മാംസ, പച്ചക്കറി മാർക്കറ്റുകൾ നിർമിക്കാൻ 40 ലക്ഷവും കാർഷിക മൂല്യവർധിത ഉൽപന്ന സംരംഭകത്വ പദ്ധതിക്ക് 20 ലക്ഷവും ഭക്ഷ്യ സ്വയംപര്യാപ്‌തത കൈവരിക്കാൻ 10 ലക്ഷവും വകയിരുത്തി. 35,97,45,491 രൂപ വരവും 35,01,03,920 രൂപ ചെലവും 96,41,571 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റിൽ നഗരസഭ സേവനങ്ങൾ ഐ.എസ്.ഒ നിലവാരത്തിലേക്കുയർത്തുമെന്ന പ്രഖ്യാപനവുമുണ്ട്.
ഇരിട്ടി: മുനിസിപ്പൽ ബജറ്റ് മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം പോലെയാണെന്ന് യു.ഡി.എഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി. അടിസ്ഥാനപ്രശ്നങ്ങളിൽ ബജറ്റിൽ ഫണ്ട് വകയിരുത്തിയത് പേരിന് മാത്രമാണ്. ആധുനിക നഗരവത്കരണ പദ്ധതികൾ ഒന്നുമില്ല. പാർപ്പിടം, കുടിവെള്ളം, ഗ്രാമീണ റോഡുകൾ, തെരുവ് വിളക്കുകൾ എന്നിവയിൽ വേണ്ടത്ര ഫണ്ട് വകയിരുത്തിയില്ല. മുനിസിപ്പാലിറ്റിയുടെ നികുതിവർധനക്ക് ആനുപാതികമായി ക്ഷേമപദ്ധതികളുടെ കുറവ് ഗൗരവതരമാണ്.
മാലിന്യനിർമാർജനത്തിനും എസ്.സി-എസ്.ടി വിഭാഗങ്ങൾക്കും ആരോഗ്യമേഖലക്കും പ്രാധാന്യം നൽകിയില്ല. മുനിസിപ്പൽ കൗൺസിലർമാരായ പി.കെ. ബൽക്കീസ്, വി. ശശി, സമീർ പുന്നാട്, വി.പി. റഷീദ്, എൻ.കെ. ഇന്ദുമതി, അബ്ദുൽ ഖാദർ കോമ്പിൽ, പി. ബഷീർ, കെ. ഷരീഫ, എം.കെ. നജ്മുന്നിസ, സാജിത ചൂര്യോട്, എൻ.കെ. ശാന്തിനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.