ഇരിട്ടി: നഗരത്തിൽ ഗതാഗത പരിഷ്കരണം ചൊവ്വാഴ്ച മുതൽ നിലവിൽ വരും. ഇരിട്ടി മേലെ സ്റ്റാൻഡ് മുതൽ പയഞ്ചേരി മുക്ക് വരെ റോഡരികിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതിനെതിരെയും നടപ്പാത കൈയേറി നടത്തുന്ന വ്യാപാരത്തിനെതിരെയും കർശന നിയന്ത്രണമാണ് നിലവിൽ വരുന്നത്.
അംഗീകൃത പാർക്കിങ് ഏരിയയിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന അംഗീകൃത സമയം അര മണിക്കൂറായി നിജപ്പെടുത്തി. ഇത് രണ്ട് മണിക്കൂറാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ തീരുമാനമായില്ലെങ്കിലും ഇത്തരക്കാർക്ക് ഇളവ് അനുവദിക്കാമെന്ന പൊതുധാരണയാണ് പൊലീസിൽ നിന്നും നഗരസഭയിൽ നിന്നും ഉണ്ടായത്.
ടൗണിലെ പാർക്കിങ്ങ് ഏരിയയിൽ മണിക്കൂറുകളോളം നിർത്തിയിട്ട് പോകുന്നവർക്കെതിരെ നടപടി തുടരും. പുതിയ ബസ് സ്റ്റാൻഡ് റോഡ് ഇടതുവശം നോ പാർക്കിങ് ഏരിയായും വലതുവശം ഓട്ടോ സ്റ്റാൻഡായും നിലനിൽക്കും.
താലൂക്ക് ഓഫിസ് കവല മുതൽ കല്യാൺ കട വരെ സ്വകാര്യ പാർക്കിങ്ങിനും മിൽമ ബൂത്ത് മുതൽ കോഫി ഹൗസ് ന്യു ഇന്ത്യാടാക്കിസ് കവല വരെ ഇരുചക്ര പാർക്കിങിന് അര മണിക്കൂറുമാണ് നിശ്ചയിച്ചിരിക്കുന്നത്.
സ്റ്റാൻഡിൽ ദീർഘനേരം നിർത്തിയിടുന്ന ബസുകൾക്കെതിരെയും നടപടിയുണ്ടാകും. നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, ഇരിട്ടി സി.ഐ. എ. കുട്ടികൃഷ്ണൻ, വ്യാപാരി പ്രതിനിധികൾ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ടൗണിൽ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.