ഇരിട്ടി: വീർപ്പാട് ടൗണിൽ ആരാധനാലയങ്ങളും വീടും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടുന്ന 5.27 ഏക്കർ മിച്ചഭൂമിയായി കണക്കാക്കി സർവേക്കല്ല് സ്ഥാപിച്ച റവന്യൂ വകുപ്പ് നടപടി വൻ വിവാദമാകുന്നു. ആറളം വില്ലേജിൽ നടക്കുന്ന ഡിജിറ്റൽ റീസർവേയുടെ ഭാഗമായിട്ടായിരുന്നു ജനവാസ മേഖലയിൽ മിച്ചഭൂമിയായി കണക്കാക്കിയുള്ള കല്ലിടൽ.
എസ്.എൻ.ഡി.പി ഗുരുമന്ദിരം വെളിമാനം സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ കുരിശുപള്ളി, പത്തോളം വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രദേശമാണിത്. 50 വർഷത്തിലധികമായി പ്രദേശവാസികൾ പട്ടയം ഉൾപ്പെടെ എല്ലാ രേഖകളും കൈവശം വെച്ച് അനുഭവിക്കുന്ന പ്രദേശമാണ് അധികാരികളുടെ രേഖയിൽ റവന്യൂ ഭൂമി. അതിർത്തി നിർണയം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും പ്രദേശവാസികളുടെ ആശങ്ക അകറ്റാനുള്ള ഒരു നടപടിയും റവന്യൂ വകുപ്പിൽ നിന്നും ഉണ്ടായിട്ടില്ല.
നാൽപതോളം കുടുംബങ്ങളുടെ കൈവശമാണ് ഭൂമിയുള്ളത്. എല്ലാവർക്കും രേഖകളും ഉണ്ട്. ആദ്യദിനം സർവേ വിഭാഗം എത്തി അളന്ന് റവന്യൂ ഭൂമിയുടെ അതിര് നിർണയിച്ച് പോവുകയായിരുന്നു. പിന്നീടാണ് സർവേക്കല്ല് സ്ഥാപിച്ചത്. റീസർവേയുടെ ഭാഗമാണെന്ന് മാത്രയായിരുന്നു പറഞ്ഞിരുന്നത്. സർവേക്കല്ല് മാറ്റി ആശങ്ക ഇല്ലാതാക്കണമെന്ന് സി.പി.ഐയും ബി.ജെ.പിയും ആവശ്യപ്പെട്ടു.
കല്ല് സ്ഥാപിച്ചവർ മാറ്റിയില്ലെങ്കിൽ ജനം പിഴുതെറിയുമെന്ന് സണ്ണി ജോസഫ് എം.എൽ.എ സ്ഥലം സന്ദർശിച്ചശേഷം പറഞ്ഞു. സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണം. അരനൂറ്റാണ്ടിലധികമായി നികുതിയടച്ച് കൈവശം വെച്ച് അനുഭവിക്കുന്ന ഭൂമിയാണിത്.
ഡിജിറ്റൽ റീസർവേ തുടങ്ങിയ ആറളം, അയ്യൻകുന്ന്, കണിച്ചയാർ പഞ്ചായത്തുകളിൽ ഉൾപ്പെടെ സമാനമായ പ്രശ്നമുണ്ട്. ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ല. പ്രശ്നം അടിയന്തരമായി റവന്യൂ മന്ത്രിയുടേയും സർവേ ഡയറക്ടറുടേയും ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷിജി നടുപറമ്പിൽ, ബ്ലോക്ക് അംഗം വി. ശോഭ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജിമ്മി അന്തിനാട്, ജോഷി പാലമറ്റം, കേരളാ കോൺഗ്രസ് നേതാവ് മാത്തുക്കുട്ടി പന്തപ്ലാക്കൽ, സുരേന്ദ്രൻ പാറക്കുതാഴത്ത്, സി. ജിനചന്ദ്രൻ, വി.വി ബിവിൽസൺ, ബിനു പന്നിക്കോട്, കരുണാകരൻ താഴത്ത്, അലക്സ് ബെന്നി എന്നിവരും ഒപ്പമുണ്ടായിരുന്നു.
ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയും സ്ഥലം സന്ദർശിച്ചു. സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രൻ, ജില്ല ജനറൽ സെക്രട്ടറി എം.ആർ. സുരേഷ്, സജീവൻ ആറളം, അജേഷ് നടുവനാട്, സത്യൻ കൊമ്മേരി, പ്രിജേഷ് അളോറ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.