ഇരിട്ടി: മലയോര മേഖലയിൽ അഞ്ഞൂറോളം ഇടങ്ങളിൽ വൈദ്യുതി ലൈനിനുമുകളിൽ മരം വീണതിനെ തുടർന്ന് മലയോര ഗ്രാമീണ മേഖലയിൽ തകർന്ന വൈദ്യുതി ബന്ധം ഭാഗികമായി മാത്രമേ പുനഃസ്ഥാപിക്കാനായുള്ളൂ.
കെ.എസ്.ഇ.ബി ഇരിട്ടി ഡിവിഷന് കീഴിൽ എഴുപതോളം എച്ച്.ടി തൂണുകളും മുന്നോറോളം എൽ.ടി തൂണുകളും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും നിലം പൊത്തി. അറുന്നോളംളം ഇടങ്ങളിൽ ലൈൻ മുറിഞ്ഞു വീണു. ഇരിട്ടി, മട്ടന്നൂർ, കേളകം, പേരാവൂർ, ഇരിക്കൂർ സെക്ഷനുകളിലായി മൂന്നിൽ രണ്ട് ഭാഗങ്ങളിൽ മാത്രമെ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കനായുള്ളു.
മാക്കൂട്ടത്ത് മരം വീണ് ഇരിട്ടി - വീരാജ്പേട്ട അന്തർ സംസ്ഥാന പാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം മുടങ്ങി. ഇരിട്ടി - വീരാജ് പേട്ട അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം വനം വകുപ്പ് ചെക്ക് പോസ്റ്റിന് സമീപം വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് മരം വീണത്. രണ്ട് മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. അഗ്നിരക്ഷാ സേന എത്തി മുറിച്ചുമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഇരിട്ടി വികാസ് നഗരിൽ തൊഴുത്തിന് മുകളിൽ മരം വീണ് തൊഴുത്ത് തകരുകയും കറവപ്പശുവിന് പരിക്കേൽക്കുകയും ചെയ്തു. വി. നളിനിയുടെ വീടിന്റെ തൊഴുത്താണ് വെള്ളിയാഴ്ച രാവിലെ മരം വീണ് തകർന്നത്.
തൊഴുത്തിനുള്ളിൽ ഉണ്ടായിരുന്ന കറവപ്പശുവിന്റെ കാലിനാണ് പരിക്കുപറ്റിയത്. കാല് പൊട്ടി ഒടിഞ്ഞ് തൂങ്ങിയ നിലയിലാണ്. 15 ദിവസം മുമ്പാണ് പശു പ്രസവിച്ചത്. കിടാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുണ്ടായാംപറമ്പ് നാട്ടേലിലെ വെള്ളപ്പാട്ടേൽ സുനിൽകുമാറിന്റെ വീടിന്റെ മേൽക്കൂരയാണ് കാറ്റിൽ പാറിപ്പോയി. കോളൻപീടികയിലെ കൊഴുക്കുന്നോൻ അനിതയുടെ വീടിന് മുകളിലും മരം വീണ് ഭാഗികമായി നാശം നേരിട്ടു.
കേളകം: കനത്ത മഴയെ തുടർന്നുണ്ടായ അതിശക്തമായ കാറ്റിൽ കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിൽ കോടികളുടെ നാശനഷ്ടം. മലയോരത്തെ നാല് പഞ്ചായത്തുകളിൽ മാത്രം അമ്പത് വീടുകൾ കാറ്റിൽ തകർന്നതായി പ്രാഥമിക റിപ്പോർട്ട്. കെ.എസ്.ഇ.ബിക്കാണ് കനത്ത നഷ്ടം. കേളകം സെക്ഷന് ഒരു ട്രാൻസ്ഫോർമർ തകരുകയും അമ്പത് തൂണുകൾ പൊട്ടുകയും വ്യാപകമായി ലൈനുകൾ തകരുകയും ചെയ്തതായി അധികൃതർ അറിയിച്ചു. മലവെള്ളപ്പാച്ചിലിൽ പ്രധാന റോഡുകളും ഗ്രാമീണ പാതകളും വ്യാപകമായി തകരുകയും, വീടുകളും, കൃഷികളും വ്യാപകമായി നശിക്കുകയും ചെയ്തതിന്റെ പ്രാഥമിക കണക്കെടുപ്പുകൾ ഇനിയും ആരംഭിച്ചിട്ടില്ല. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായ കൊട്ടിയൂർ പഞ്ചായത്തിൽ മാത്രം കാറ്റ് - മഴക്കെടുതിയിൽ കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് പ്രാഥമിക കണക്ക്. കാറ്റിൽ കാർഷിക വിളകളും വൻമരങ്ങളും വ്യാപകമായി നശിക്കുകയും വീടുകളും മറ്റും തകരുകയും ചെയ്തതോടെ ജനജീവിതം ദുരിതപൂർണമാക്കി. 50ഓളം വീടുകൾ ഭാഗികമായും പൂർണമായും തകർന്നതിൽ പെടും. കിലോമീറ്ററോളും മലയോര റോഡുകൾ തകർന്നു. എക്കറുകണക്കിന് കൃഷിയിടങ്ങളാണ് മലവെള്ള പാച്ചിലിൽ നശിച്ചത്. ബാവലിയും ചീങ്കണ്ണിപ്പുഴ കരവിഞ്ഞതോടെ പുഴയുടെ ഇരുകരകളിലുമായി നിരവധി ആളുകളുടെ കൃഷിയിടങ്ങളിൽ വെള്ളം കയറി. ഏക്കറുകണക്കിന് കൃഷിയിടങ്ങളാണ് പുഴയെടുത്തത്. കാർഷിക വിളനാശത്തിന്റെ കണക്കുകൾ ഇനിയും തിട്ടപ്പെടുത്തി തുടങ്ങിയിട്ടില്ല.
കേളകം പഞ്ചായത്തിന്റെ മലയോര പ്രദേശങ്ങളായ രാമച്ചി, ശാന്തിഗിരി, വെണ്ടേക്കുംചാൽ, വെള്ളൂന്നി, കേളകം, നാനാനി പൊയിൽ പ്രദേശങ്ങളിൽ വെള്ളിയാഴ്ചയും കാറ്റടിച്ച് കനത്ത നാശനഷ്ടമുണ്ടായി. വൈദ്യുതി ലൈനുകൾ വ്യാപകമായി തകർന്നതോടെ നിരവധി ഗ്രാമീണ പ്രദേശങ്ങൾ ഇരുട്ടിലാണ്. തടസ്സങ്ങൾ നീക്കി വൈദ്യുതി വിതരണം പൂർവസ്ഥിതിയിലാക്കാൻ പെടാപ്പാട് പെടുകയാണ് കെ.എസ്.ഇ.ബി ജീവനക്കാർ. ദിവസങ്ങളായി മലയോരത്ത് തുടരുന്ന കാറ്റിന്റെ തീവ്രതയിൽ ഞടുക്കത്തിലാണ് ഗ്രാമവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.