ഇരിട്ടി: ആറളം പുഴകടന്ന് വീണ്ടും കാട്ടാനകൾ ജനവാസ കേന്ദ്രത്തിലേക്ക് എത്തിയതോടെ മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട്, ചാക്കാട് മേഖലയിലുള്ളവർ ആശങ്കയിലായി. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായാണ് ആറളം വന്യജീവി സങ്കേതത്തിൽനിന്ന് കാട്ടാനകൾ വിളക്കോട്, ചാക്കാടിലെ ജനവാസ കേന്ദ്രത്തിൽ എത്തിയത്. ഒരാഴ്ച മുമ്പും പുഴകടന്ന് എത്തിയ ആനക്കൂട്ടം മേഖലയിൽ കനത്ത കൃഷി നാശം വരുത്തിയിരുന്നു.
എടൂർ, മണത്തണ മലയോര ഹൈവേയുടെ പുഴയോടുചേർന്നുള്ള വീടിന്റെ പിന്നിലെത്തിയ ആനകൾ മതിൽ തകർക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ചാക്കാട് സ്വദേശി ദിനേശൻ, പെരുമ്പറമ്പ് സ്വദേശി സാവിത്രി എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ വാഴകളാണ് കാട്ടാനകൾ വ്യാപകമായി നശിപ്പിച്ചിട്ടുള്ളത്. വിവരമറിഞ്ഞെത്തിയ വനപാലകർ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പുലർച്ചയോടെ കാട്ടാന തിരികെപുഴ കടന്ന് ഫാമിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു.
ആറളം വനത്തിൽനിന്ന് ആറളം ഫാമിന്റെ കൃഷിയിടത്തിൽ താവളമാക്കിയ ആനകളും പുഴകടന്ന് അയ്യപ്പൻക്കാവ്, ചാക്കാട്, പാലപ്പുഴ ഭാഗങ്ങളിൽ എത്തുന്നുണ്ട്. മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായതോടെ നാട്ടുകാർ പിരിവെടുത്ത് പുഴാതിർത്തിയിൽ തൂക്കുവേലി സ്ഥാപിച്ചിരുന്നു. ഏറെക്കാലം ആനശല്യത്തിന് പരിഹാരം ഉണ്ടായെങ്കിലും തകർന്ന തൂക്കുവേലി പൂർവ സ്ഥിതിയിലാക്കാനുള്ള നടപടികളുണ്ടായിട്ടില്ല.
പാലപ്പുഴ കൂടലാട് ഭാഗത്ത് കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ കൂറ്റൻ മരം ഒഴുകിവന്ന് തൂക്കുവേലി തകർത്തതാണ് ആനകൾ വീണ്ടും ജനവാസ മേഖലയിലേക്ക് കടക്കുന്നതിന് കാരണമാകുന്നത്. ഇത് പുനസ്ഥാപിക്കണമെന്ന് നാട്ടുകാർ പലതവണ വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ വർഷം പുഴകടന്ന് എത്തിയ ആനകൾ പാലപ്പുഴയും കടന്ന് മുഴക്കുന്ന് പഞ്ചായത്തിലെ ജനങ്ങൾ തീങ്ങിപ്പാർക്കുന്ന ഇടങ്ങളിലേക്ക് കയറിയത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
ഫാമിൽ ഭക്ഷണത്തിന് ക്ഷാമം നേരിടുമ്പോഴാണ് ആനക്കൂട്ടം പുഴകടന്ന് ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ഫാമിനുള്ളിലെ ആനകളെ പൂർണമായും തുരത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഫാമിലെ വിവിധ ബ്ലോക്കുകളെ തമ്മിൽ ബന്ധിപ്പിച്ച് സ്ഥാപിച്ച തൂക്കുവേലി കാരണം നിലവിൽ തമ്പടിച്ച മേഖലയിൽനിന്ന് ഫാമിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോകാനും പറ്റുന്നില്ല. ഇതാണ് ആനകൾ പുഴകടന്ന് വരാനുള്ള പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.