ഇരിട്ടി: കാട്ടാന ശല്യത്തിൽ വലഞ്ഞ് കുടിയേറ്റ മേഖലയായ അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ആയാംകുടി നിവാസികൾ. കൂട്ടമായി എത്തുന്ന ആനകൾ മേഖലയിൽ വൻ കൃഷിനാശമാണ് വരുത്തുന്നത്. വാഴ, തെങ്ങ്, കവുങ്ങ്, കശുമാവ്, റബർ തുടങ്ങി ചെറുതും വലുതുമായ എല്ലാ വിളകളും പൂർണമായി നശിപ്പിക്കുകയാണ്.
30ഓളം കുടുംബങ്ങളാണ് ആനപ്പേടി കാരണം കൃഷിയിടത്തിൽ ഇറങ്ങാൻ പോലും കഴിയാതെ ബുദ്ധിമുട്ടുന്നത്. വന്യമൃഗ ശല്യം രൂക്ഷമായതോടെ താമസക്കാർ അധികവും ഇവിടം വിട്ട് മറ്റുസ്ഥലങ്ങളിലേക്ക് താമസംമാറ്റി. പ്രദേശത്ത് ഭൂമിയുടെ ന്യായവില മറ്റ് പ്രദേശങ്ങളിലേക്കാൾ കൂടുതലായതോടെ സ്ഥലം വിൽപന പോലും നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രദേശവാസികൾ.
കാർഷിക മേഖലയെ ആശ്രയിച്ച് ജീവിതം നയിക്കുന്ന കർഷകർക്ക് അടിയന്തിര ആവശ്യങ്ങളായ കുട്ടികളുടെ പഠനം, വിവാഹം എന്നിവക്ക് പോലും സ്ഥല വിൽപന നടത്താൻ കഴിയുന്നില്ല. ആനക്ക് പുറമെ കടുവ, കാട്ടുപന്നി, മലാൻ, കുരങ്ങ് തുടങ്ങിയ ജീവികളുടെയും ശല്യം രൂക്ഷമാണ്.
സണ്ണി കുന്നേൽ, ജോണി ഈഴകുന്നേൽ, അപ്പച്ചൻ പറമ്പുകാട്ടിൽ, ജോർജ് പറമ്പുകാട്ടിൽ, ജോയി കുന്നിന്, ജോസ് കുന്നിന്, പാപ്പു ഈഴകുന്നേൽ, ജോസ് വെള്ളത്താനത്ത് തുടങ്ങിയ 30ഓളം കുടുംബങ്ങളുടെ കൃഷിയിടങ്ങളിലാണ് ആനകൂട്ടം നാശം വിതക്കുന്നത്.
വെള്ളിയാഴ്ച രാത്രിയും ഇവിടെ ആനകൂട്ടം ഇറങ്ങി കുലച്ച വാഴയും തെങ്ങും നശിപ്പിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ആറളം ഫാമിൽനിന്ന് ആനകളെ തുരത്താൻ ആരംഭിച്ചതോടെയാണ് മേഖലയിൽ കാട്ടാന ശല്യം വർധിച്ചത്. ഉളിക്കൽ, പായം, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളുടെ വനാതിർത്തിയിൽ സൗരോർജ വേലി സഥാപിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചെങ്കിലും അന്തിമതീരുമാനം ഇതുവരെയും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.