ഇരിട്ടി: ഭീതി അകലുംമുമ്പേ ഉളിക്കൽ പഞ്ചായത്തിലെ പേരട്ട -തൊട്ടിപ്പാലം റോഡരികിൽ വീണ്ടും കാട്ടാനയിറങ്ങി. പേരട്ട, തൊട്ടിപ്പാലം ടൗണുകൾക്കിടയിലെ കെ.പി മുക്കിൽ എത്തിയ കാട്ടാന റോഡരികിലെ തെങ്ങുകളും നിരവധിപേരുടെ വീട്ടുപറമ്പിലെ കൃഷികളും വ്യാപകമായി നശിപ്പിച്ചു.
കഴിഞ്ഞരാത്രി മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽനിന്ന് പേരട്ട പുഴ കടന്ന് എത്തിയ ആന മേഖലയിലാകെ ഭീതി വിതച്ചു. മൂന്നു വർഷം മുമ്പ് വനത്തിൽനിന്ന് ഇതേ വഴിയിലൂടെ എത്തിയ കാട്ടാനയാണ് പെരിങ്കിരിവരെ എത്തി ജെസ്റ്റിൻ എന്ന യുവാവിനെ ചവിട്ടിക്കൊന്നത്. പുഴയോരത്ത് വനംവകുപ്പ് സ്ഥാപിച്ച സോളാർ വേലി തകർത്താണ് ആന എത്തിയത്. പേരട്ട, തൊട്ടിപ്പാലം ടൗണുകൾക്കിടയിൽ ഒന്നര കിലോമീറ്റർ അകലെയുള്ള പ്രദേശമാണിത്.
ഒരാഴ്ചക്കിടയിൽ നാലാം തവണയാണ് ആന എത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നേരത്തേ മൂന്നു തവണയും പുഴയോരത്ത് ചേർന്നുള്ള കൃഷികളായിരുന്നു നശിപ്പിച്ചിരുന്നത്. ബുധനാഴ്ച പുലർച്ച എത്തിയ ഒറ്റയാൻ റോഡുവരെ എത്തി, കൊച്ചുമുറിയിൽ സന്തോഷിന്റെ നിരവധി വാഴകളും തെങ്ങും നശിപ്പിച്ചു.
ജോർജ് താഴെപ്പള്ളി, മുഴങ്ങുംതറ ജെയിംസ് എന്നിവരുടെ വീടിനോട് ചേർന്ന സ്ഥലത്തെ നിരവധി വാഴകളും തെങ്ങും മറ്റു കൃഷികളും നശിപ്പിച്ചു. ആനയിറങ്ങുമെന്ന ഭീതി മൂലം പേരട്ട -തൊട്ടിപ്പാലം റോഡിലൂടെയുള്ള രാത്രി യാത്ര നാട്ടുകാർ പരമാവധി ഒഴിവാക്കുകയാണ്. രാത്രി ഏഴുമണി കഴിഞ്ഞാൽ ഏതു സമയവും ആനയെത്തുമെന്ന അവസ്ഥയാണ്.
ബുധനാഴ്ച ആനയെത്തിയ സമയത്ത് വാഹനങ്ങളോ കാൽനട യാത്രക്കാരോ ഇല്ലാഞ്ഞതിനാലാണ് വൻ അപകടം ഒഴിവായത്. ജെസ്റ്റിന്റെ മരണത്തെ തുടർന്നാണ് പുഴയോരത്ത് 14 കിലോമീറ്റർ സോളാർ വേലി വനംവകുപ്പ് സ്ഥാപിച്ചത്. പിന്നീട് കാര്യമായ പരിചരണമെന്നും ഇല്ലാഞ്ഞതിനാൽ കാടു കയറിയും മരം വീണും വേലി പലഭാഗങ്ങളിലും തകർന്നു. വാച്ചർമാരെവെച്ച് വേലി പരിപാലിക്കുന്നതിന് നടപടിയുണ്ടാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിലും ആനശല്യം വർധിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.