ഇരിട്ടി: കഴിഞ്ഞദിവസം മുടിക്കയത്തെ വാടക വീട്ടിലെ പുരയിടത്തിൽ ജീവിതം അവസാനിപ്പിച്ച സുബ്രമണ്യൻ മുതൽ മലയോര മേഖലയിലെ സാധാരണക്കാരായ കർഷകർ വന്യമൃഗത്തിന്റെയും കടക്കെണിയുടെയും പിടിയിലായിട്ട് നാളുകളേറെയായി. 1940 കളിൽ മലകയറി കൃഷി ഭൂമികൾ ഒരുക്കിയ കർഷകൻ 75 വർഷങ്ങൾക്കു ശേഷം തന്റെ ഭൂമിയും വീടും വരുമാനവും ഉപേക്ഷിച്ചു പ്രാണരക്ഷാർഥം മലയിറങ്ങുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിലാണ് വ്യാപകമായി കർഷകർ പലായനം തുടങ്ങിയത്.
മൂന്നു തലമുറകൾ പിന്നിട്ടിട്ടും സർവതും നഷ്ടപ്പെട്ട് അഭയാർഥിയായി വാടകവീടുകളിൽ കഴിയേണ്ടിവരുന്ന കർഷകരുടെ കഥനകഥകൾ ആരും അറിയുന്നില്ല. സാധാരണക്കാരായ ജനങ്ങളെ പോലെത്തന്നെ പഞ്ചായത്ത് സാരഥ്യം വഹിച്ചിരുന്നവരും ഇതിൽ ഒട്ടും പിറകിലല്ല. 2005 -10 കാലഘട്ടത്തിൽ അയ്യൻകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പുതുപ്പറമ്പിൽ ജോസ് തന്റെ അഞ്ച് ഏക്കർ വരുന്ന കൃഷി ഭൂമിയും വീടും ഉപേക്ഷിച്ച് വാടക വീട്ടിൽ അഭയം തേടിയിട്ട് വർഷങ്ങളാകുന്നു. 50 വർഷംകൊണ്ട് പടുത്തുയർത്തിയ സ്വപ്നങ്ങളെല്ലാം വന്യ മൃഗങ്ങൾക്ക് മുന്നിൽ ഉപേക്ഷിച്ചുള്ള മലയിറക്കം വേദനജനകമാണ്. ചിലരൊക്കെ നേരത്തെ തന്നെ ഭൂമി വിറ്റ് സൗകര്യപ്രഥമായ സ്ഥലങ്ങളിലേക്ക് മാറിയെങ്കിലും കൃഷിയും കൃഷിഭൂമിയും വിട്ട് തിരിച്ചിറങ്ങാൻ മടികാണിച്ചവർ ഇന്ന് സർവ്വതും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ട അവസ്ഥയിലാണ്.
അയ്യൻകുന്നിലെ മലയോരങ്ങളിൽനിന്ന് കൂട്ട പലായനമാണ് ഇപ്പോൾ നടക്കുന്നത്. കിഴക്കേടത്ത് ജെയിംസ് കൃഷിഭൂമി ഉപേക്ഷിച്ച് ജനവാസമേഖലയിലേക്ക് താമസം മാറി കൂലിപ്പണിയെടുത്താണ് ഇപ്പോൾ ജീവിതം നയിക്കുന്നത്. ഊട്ടുകുളത്തിൽ മാത്യു ടാപ്പിങ് നടത്തിക്കൊണ്ടിരുന്ന തോട്ടം ഉപേക്ഷിച്ചു മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. കല്ലൂതോട്ടത്തിൽ സജിയും കൃഷിഭൂമി ഉപേക്ഷിച്ചു. ഇവരിൽ പലരും ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
പാലത്തുംകടവ് പാറയ്ക്കാമല മേഖലയിൽ നിന്ന് നിരവധി കുടുംബങ്ങൾ പലായനം ചെയ്തതായാണ് കണക്കുകൾ. ഇതിൽ പലരും ആനയുടെ ആക്രമണം ഭയന്ന് ഏക്കറുകളോളം വരുന്ന കൃഷി ഭൂമിയും വീടും ഉപേക്ഷിച്ചാണ് കുടുംബവുമായി ഓടിപോയവരാണ്. പലരും വീടുകൾ വെച്ചെങ്കിലും കടുത്ത കടക്കെണിയിലാണ്. തെങ്ങും, കശുമാവും, കുരുമുളകും, റബറും അടക്കം വിളവെടുക്കാൻ കഴിയാതെ കാടുകയറി നശിക്കുകയാണ്. ആനകൾ വിലസുന്ന കൃഷിയിടങ്ങളിൽ ഭയം കാരണം ആരും തിരിഞ്ഞു നോക്കുന്നില്ല.
പ്രായമായവരിൽ പലരും മക്കൾക്കൊപ്പം മറ്റു സ്ഥലങ്ങളിലാണ് താമസം. മുള്ളനാൽ തോമസ് 3.5 ഏക്കർ കൃഷിഭൂമി ഉപേക്ഷിച്ച് മകന്റെ ഒപ്പമാണ് ഇന്ന് താമസം. മുടിക്കയത്തെ ബാബു മുണ്ടണിശേരി, പലത്തുംകടവിലെ തങ്കച്ചൻ നടക്കൽ, സിബി മുത്തിയപ്പാറ തുടങ്ങിയ കർഷകർ ആനയുടെ ആക്രമണം ഭയന്ന് ആകെയുള്ള രണ്ട് ഏക്കറിൽ താഴെയുള്ള കൃഷി സ്ഥലങ്ങൾ ഉപേക്ഷിച്ചു. ജനവാസമേഖലയിലേക്ക് താമസം മാറിയ പലരും ബാങ്കുകളിൽനിന്ന് ലോൺ എടുത്തും കടം വാങ്ങിയും കുട്ടികളുടെ വിദ്യാഭ്യാസവും മറ്റു ചിലവുകളും നടത്തിപ്പോരുന്ന ഇവരിന്ന് ജപ്തി ഭീഷണി കൂടി നേരിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.