ഇരിട്ടി: ഉളിക്കൽ പഞ്ചായത്തിനോട് ചേർന്നുള്ള കർണാടക വനത്തിൽനിന്ന് വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ സ്വീകരിക്കേണ്ട അടിയന്തര നടപടികളെ കുറിച്ച് ആലോചിക്കുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു. യോഗത്തിൽ വനംവകുപ്പിനെതിരെ സജീവ് ജോസഫ് എം.എൽ.എ രൂക്ഷ വിമർശനം നടത്തി. ഒരു മരണം നടന്നിട്ടും ആന വരുന്നത് തടയാൻ മൂന്നു ബാറ്ററികൾ വാങ്ങിവെക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് പേരിനൊരു വകുപ്പെന്ന് എം.എൽ.എ ചോദിച്ചു.
ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അത്രശ്ശേരിയിൽ ജോസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കർണാടക വനവുമായി 14.5 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ഉളിക്കൽ പഞ്ചായത്തിലെ ആനപ്പാറ മുതൽ പേരട്ട വരെ ഹാങ്ങിങ് ഫെൻസിങ് നിർമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. കഴിഞ്ഞവർഷം 1.24 കോടിക്ക് വനംവകുപ്പുമായി പഞ്ചായത്ത് ഒപ്പിട്ട പദ്ധതിയിൽ ജില്ല പഞ്ചായത്ത് അനുവദിച്ച 35 ലക്ഷം രൂപ ധനവകുപ്പിന്റെ പിടിവാശിമൂലം തിരികെ പോയതോടെ തൂക്കുവേലി നിർമാണം നിലക്കുകയായിരുന്നു.
ജില്ല പഞ്ചായത്തിന്റെ 35 ലക്ഷവും ബ്ലോക്ക് പഞ്ചായത്തിന്റെ 10 ലക്ഷവും പഞ്ചായത്തിന്റെ വിഹിതവും ഉൾപ്പെടുത്തി 50 ലക്ഷത്തിലധികം രൂപയുടെ ആദ്യഘട്ട തൂക്കുവേലി നിർമാണം ആരംഭിക്കാനും എം.എൽ.എ ഫണ്ടും എം.പി ഫണ്ടും സർക്കാറിന്റെ അടിയന്തര സഹായവും ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ സജീവ് ജോസഫ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, തളിപ്പറമ്പ് ആർ.എഫ്.ഒ ടി. രതീശൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. ലിസി, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ബേബി തോലാനി, ചാക്കോ പാലക്കലോടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അതിർത്തിയിലെ താമസക്കാരായ കർഷകർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.