ഇരിട്ടി: കഴിഞ്ഞ ദിവസത്തെ കനത്തമഴയിൽ ഇടിഞ്ഞുവീണ കൂറ്റൻ മതിൽ പുനർനിർമിക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപെട്ടു. പത്ത് മിനിറ്റിലധികം മണ്ണിനടിയിലായ രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടുകാരും അഗ്നിരക്ഷസേനയും പൊലീസും ചേർന്ന് സാഹസികമായി രക്ഷിച്ചു. ബംഗാൾ സ്വദേശികളായ ജഹാംഗീർ, മുക്ലിത്ത് എന്നിവരാണ് മണ്ണിനടിയിൽപെട്ടത്.
തിങ്കളാഴ്ച രാവിലെ 9 .30ഓടെ തന്തോട് ചാവറയിലായിരുന്നു അപകടം. കനത്ത മഴയിൽ കഴിഞ്ഞ 16ന് രാത്രി അഡ്വ. അറുവാങ്കൽ കുര്യച്ചെൻറ കൂറ്റൻ മതിൽ ഇടിഞ്ഞുവീണിരുന്നു. മണ്ണുവീണ് സമീപവാസിയായ ആലിലക്കുഴിയിൽ ജോസിെൻറ വീടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇടിഞ്ഞുവീണ മതിൽ പുനർ നിർമിക്കാനായി കൂറ്റൻ കുഴിയെടുത്ത് അടിത്തറ ഒരുക്കുന്നതിനിടയിലാണ് ഇടിഞ്ഞഭാഗത്തെ മണ്ണ് വീണ്ടും ഇടിഞ്ഞത്. പുനർ നിർമാണത്തിനിടെ ഭിത്തിക്ക് ബലം നൽകാനായി കോൺക്രീറ്റ് ബീം തീർക്കുന്നതിനായി കുഴിച്ച കുഴിയിലായിരുന്നു രണ്ടുപേരും. മണ്ണുവീണ് കുഴി മൂടിയതിനൊപ്പം ഇരുവരും മണ്ണിനടിയിലായി. ഓടിക്കൂടിയ നാട്ടുകാർ അരയോളം മണ്ണിൽ മൂടിക്കിടന്ന മുക്ലിത്തിനെ ആദ്യം പുറത്തെടുത്തു.
തലയടക്കം മൂടിക്കിടന്ന ജഹാംഗീറിെൻറ കഴുത്തുവരെയുള്ള മണ്ണ് മാറ്റി ശ്വാസമെടുക്കാൻ സംവിധാനമൊരുക്കി. അപ്പോഴേക്കും ഇരിട്ടിയിൽ നിന്നും അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കി. ജഹാംഗീറിനെയും പുറത്തെടുത്ത് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. രണ്ടുപേരും അപകടനില തരണം ചെയ്തു. ഇരിട്ടി അഗ്നിരക്ഷസേന അസി. സ്റ്റേഷൻ ഓഫിസർ ടി. മോഹനൻ, എസ്.എഫ്.ആർ.ഒ ഫിലിപ്പ് മാത്യു, എഫ്.ആർ.ഒ.ഡിമാരായ അനു, രാജൻ, എഫ്.ആർ.ഒമാരായ അനീഷ് മാത്യു, ആർ. അനീഷ്, സഫീർ, റിജിത്ത്, ഹോംഗാർഡ് ചന്ദ്രൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ അനീഷ് കുമാർ, അരുൺ, ജസ്റ്റിൻ, അജിത്ത്, സജീവൻ എന്നിവരും ഇരിട്ടി പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.