കല്യാശ്ശേരി: നീണ്ട പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഇടപെടലുകൾക്കും ശേഷം കല്യാശ്ശേരിയിലെ ജനവാസ കേന്ദ്രത്തിൽ അനുവദിച്ച അടിപ്പാത കുഴിപ്പാതയായി. പുതുതായി നിർമിക്കുന്ന അടിപ്പാത വഴി സർവിസ് റോഡിലേക്ക് വാഹനങ്ങൾക്ക് കയറാൻ സാധിക്കില്ല. ഏറെ പ്രതീക്ഷയോടെ വളരെ ചെറിയ ഒരു അടിപ്പാത ലഭിച്ചെങ്കിലും പ്രദേശവാസികൾക്ക് കാൽനടയായി ഇരുഭാഗത്തും പോകാമെന്നു മാത്രം. യാത്രാ ക്ലേശം പരിഹരിക്കാൻ ഉപകരിക്കുന്നില്ലെന്ന ആക്ഷേപം നാട്ടുകാരിൽ ശക്തമായ പരാതിയുണ്ട്. അലൈൻമെന്റ് പ്രകാരം തുടക്കത്തിൽ കല്യാശ്ശേരി നിവാസികൾക്ക് ഇരുഭാഗവും കടക്കാൻ ഒരു സംവിധാനവും ഒരുക്കിയിരുന്നില്ല.
നീണ്ട കാത്തിരിപ്പിനും ശക്തമായ ഇടപെടലിനുംശേഷമാണ് ചെറിയ അടിപ്പാതക്കെങ്കിലും അനുവാദം ലഭിച്ചത്. കുറ്റിക്കോലിനും പാപ്പിനിശ്ശേരി തുരുത്തിക്കും ഇടയിൽ അനുവദിച്ച അടിപ്പാതകളിൽ ഏറ്റവും ചെറുതും അസൗകര്യം നിറഞ്ഞതുമാണ് ഈ പാത. 3 മീറ്റർ വീതിയും രണ്ടര മീറ്റർ ഉയരവും ഉള്ള അടിപ്പാതയാണ് കല്യാശ്ശേരിക്കാർക്ക് അനുവദിച്ചത്. നിലവിലെ നിർമാണമനുസരിച്ച് കല്യാശ്ശേരിയുടെ പ്രധാന ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന അടിപ്പാത വഴി കടക്കുന്ന ചെറു വാഹനങ്ങൾക്കുപോലും സർവിസ് റോഡിൽ കയറാൻ കിലോ മീറ്ററുകൾ ചുറ്റേണ്ടി വരും. പാതയുടെ പടിഞ്ഞാറുഭാഗത്ത് അടിപ്പാത എത്തിച്ചേരുന്ന ഗ്രാമീണ റോഡിനേക്കാൾ രണ്ടു മീറ്ററോളം ഉയരത്തിലൂടെയാണ് പുതിയ സർവിസ് റോഡ് കടന്നുപോകുന്നത്.
കിഴക്ക് ഭാഗത്തും സമാന സ്ഥിതിയാണുള്ളത്. ഇരുഭാഗത്ത് കൂടി സർവിസ് റോഡിലേക്ക് കടക്കാനുള്ള സംവിധാനമില്ലാത്തത്തിലാണ് ജനങ്ങളുടെ പരാതി. കല്യാശ്ശേരിയുടെ ഇരുഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ചെറു അടിപ്പാതയുടെ നിർമാണം ഏതാണ്ട് പൂർത്തിയായി. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം നടത്തിയും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഇടപെട്ടാണ് ഇവിടെ അടിപ്പാത അനുവദിച്ചത്. എന്നാൽ, പ്രാദേശിക റോഡിനെ ബന്ധിപ്പിക്കാൻ മാത്രമാണ് അടിപ്പാത നിർമാണം നടക്കുന്നതെന്ന് ആദ്യ ഘട്ടത്തിൽ തന്നെ വാർത്ത നൽകിയിരുന്നു. ടോൾപ്ലാസക്ക് സമീപത്ത് നിർമിച്ച അടിപ്പാതയായതിനാലാണ് സർവിസ് റോഡിലേക്ക് കയറാൻ സൗകര്യമൊരുക്കാത്തതെന്നാണ് ദേശീയ പാത അധികൃതർ പറയുന്നത്.
ഇനി സർവിസ് റോഡിലേക്ക് കടക്കാനുള്ള സംവിധാനം എങ്ങനെ ഒരുക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ആശുപത്രികൾ, ബാങ്കുകൾ, വില്ലേജ് ഓഫിസ്, പഞ്ചായത്താഫിസ്, പൊതു ശ്മശാനം, ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ഹയർ സെക്കൻഡറി സ്കൂൾ, മോഡൽ പോളിടെക്നിക്, നിരവധി ക്ഷേത്രങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവ പാതയുടെ ഇരുഭാഗത്തും കിടക്കുന്നുണ്ട്. സർവിസ് റോഡിലേക്ക് കടക്കാൻ സൗകര്യമൊരുക്കാതെയുള്ള അടിപ്പാത തികച്ചും അശാസ്ത്രീയവും പ്രദേശവാസികളോടുള്ള വെല്ലു വിളിയുമാണെന്ന പരാതി ശക്തമായി ഉയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.