കണ്ണൂർ: 'കെ -റെയില്‍ നേരും നുണയും' വിഷയത്തിൽ ജില്ലയില്‍ 231 കേന്ദ്രങ്ങളില്‍ ജനകീയ വികസന കാമ്പയിന്റെ ഭാഗമായി പ്രഭാഷണ പരിപാടി സംഘടിപ്പിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മേയ് 27 മുതല്‍ ജൂണ്‍ അഞ്ചുവരെ 'നവകേരള സദസ്സുകള്‍' സംഘടിപ്പിച്ചാണ് പ്രചാരണം. വികസന സംവാദമാണ് നടത്തുക. കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ നേതൃത്വത്തില്‍ പൊതുമേഖലയില്‍ 63941 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന്‍റെ തത്ത്വത്തിലുള്ള അംഗീകാരവും കേന്ദ്ര മന്ത്രിസഭയുടെയും നീതി ആയോഗിന്‍റെയും അനുമതിയും ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 21 അതിവേഗ-അർധ അതിവേഗ റെയില്‍പാതകള്‍ പണിയുന്നുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയും ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഭൂരിപക്ഷവും. ഇവിടങ്ങളിലൊന്നും കോണ്‍ഗ്രസോ ബി.ജെ.പിയോ ഒരു സമരവും നടത്തുന്നില്ല. എൽ.ഡി.എഫ് സര്‍ക്കാറിനെ അട്ടിമറിക്കാനും വികസനം തടസ്സപ്പെടുത്താനും ലക്ഷ്യമിട്ട് നടത്തുന്ന സമരം രാഷ്ട്രീയമാണ്.
19 യു.ഡി.എഫ് എം.പിമാരുണ്ടായിട്ടും റെയിൽവേ അവഗണനക്കെതിരെ കേന്ദ്രസര്‍ക്കാറില്‍ സമ്മർദം ചെലുത്തി നേട്ടമുണ്ടാക്കാന്‍ അവരൊന്നും ചെയ്യുന്നില്ല. എൽ.ഡി.എഫ് എം.പിമാര്‍ കേന്ദ്രത്തില്‍ സമ്മർദവും സമരവും നടത്തുമ്പോള്‍ അതിനെതിരായ നിലപാടാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. ഭൂമിയും കെട്ടിടവും നഷ്ടപ്പെടുന്നവര്‍ക്ക് പൊന്നുംവില നല്‍കുന്ന നഷ്ടപരിഹാര പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വികസനതൽപരരായ ജനങ്ങള്‍ വികസനവിരുദ്ധരോടൊപ്പമില്ലെന്നും എം.വി. ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.