കഴിഞ്ഞവർഷം കാശിമുക്കിൽ പാഴ്വസ്തു ശേഖരിക്കുന്ന വീട്ടിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട അസം സ്വദേശി ഫസല്‍ ഹഖ്, മകന്‍ ശഹീദുൽ ഹഖ് 

ജീവനെടുത്ത് കണ്ണൂരിലെ ‘ആക്രി ബോംബ്’: അന്ന് ഉപ്പയും മകനും കൊല്ലപ്പെട്ടു; ഇന്നലെ ഉപ്പയ്ക്കും രണ്ട് മക്കൾക്കും സാരമായി പരിക്ക്

കണ്ണൂർ: പരസ്പരം കൊന്നൊടുക്കാൻ കണ്ണൂരിലെ രാഷ്ട്രീയ പാർട്ടികളുടെ ‘കരുതൽ ​ശേഖരമായ’ ബോംബുകൾ നിരപരാധികളുടെ ജീവനെടുക്കുന്നു. ഒന്നരവർഷം മുമ്പ് മട്ടന്നൂരിനടുത്ത് പാഴ്വസ്തു ശേഖരിച്ച് ജീവിക്കുന്ന അസം സ്വദേശികളായ ഉപ്പയും മകനും ​ദാരുണമായി കൊല്ലപ്പെട്ടതിന്റെ ഓർമകൾ വിട്ടുമാറുംമുമ്പാണ് ഇന്നലെ പാട്യം മൂഴിവയലിൽ ആക്രി സാധനങ്ങൾ വേർതിരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ അസം സ്വദേശിക്കും രണ്ട് മക്കൾക്കും പരിക്കേറ്റത്.  വർഷങ്ങൾക്ക് മുമ്പ് പാനൂരിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് അമാവാസിയെന്ന നാടോടി ബാലന് കാഴ്ച നഷ്ടപ്പെട്ടിരുന്നു.

2022 ജൂലൈ ആറിനായിരുന്നു മട്ടന്നൂർ 19ാം മൈല്‍ കാശിമുക്കിലെ പാഴ്വസ്തു ശേഖരിക്കുന്ന വീട്ടിലുണ്ടായ സ്ഫോടനത്തിൽ അസം സ്വദേശികളായ ഫസല്‍ ഹഖ്(45), മകന്‍ ശഹീദുൽ ഹഖ് (22) എന്നിവർ മരിച്ചത്. ശേഖരിച്ച വസ്തുക്കളില്‍ നിന്നു ലഭിച്ച പാത്രം വീടിനുള്ളില്‍വെച്ച് തുറന്നു നോക്കുമ്പോള്‍ പൊട്ടിത്തെറിച്ചായിരുന്നു മരണം. കാശിമുക്ക് നെല്ല്യാട് ക്ഷേത്രത്തിനുസമീപം പാഴ് വസ്തുക്കള്‍ ശേഖരിച്ചുവെച്ച ഓടുമേഞ്ഞ ഇരുനില വീട്ടിലാണ് സ്‌ഫോടനമുണ്ടായത്.

കനത്ത മഴക്കിടെ വൻസ്‌ഫോടനശബ്ദം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴാണ് വീടിന്റെ മുകള്‍നിലയില്‍ ഒരാള്‍ മരണപ്പെട്ടതായി കണ്ടത്. സ്‌ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ഫസല്‍ഹഖ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. സാരമായി പരിക്കേറ്റ ശഹീദുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡരികിലെ പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും ശേഖരിച്ച് താമസ സ്ഥലത്തെ വാടക വീട്ടില്‍ സൂക്ഷിക്കുകയാണ് ഇവരുടെ പതിവ്.

ഇന്നലെ പാട്യം മൂഴിവയലിൽ ആക്രി സാധനങ്ങൾ വേർതിരിക്കുന്നതിനിടെയാണ് അസം ദുബ്രി ജില്ലയിലെ സയ്യിദ് അലി (45), മക്കളായ നൂറുദ്ദീൻ (10), അബ്ദുൽ മുത്തലീഫ് (8) എന്നിവർക്ക് പരിക്കേറ്റത്. മൂന്നുപേരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. പാട്യം മൂഴിവയലിൽ പഴയ വീട് വാടകക്കെടുത്ത് ആക്രിക്കച്ചവടം നടത്തുകയാണ് അസമിൽ നിന്നുള്ള കുടുംബങ്ങൾ. ഇരുപതോളം പേർ രണ്ടു മാസമായി ഇവിടെയാണ് താമസം. ശേഖരിച്ച പഴയ സാധനങ്ങൾ തരംതിരിക്കുന്നതിന്റെ ഭാഗമായി സ്റ്റീൽ കണ്ടെയ്നർ അടിച്ചു പൊട്ടിക്കുമ്പോൾ സ്ഫോടനം ഉണ്ടായെന്നാണ് കരുതുന്നത്.

വഴിയരികിൽനിന്ന് ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെ സ്ഫോടകവസ്തു നിറച്ച സ്റ്റീൽ കണ്ടെയ്നർ ഇവരുടെ കൈവശം എത്തിയതാകാമെന്നാണ് സൂചന. സയ്യിദ് അലിയുടെ കൈക്കും നെഞ്ചിനുമാണ് പരിക്കേറ്റത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. വലിയ ശബ്ദം കേട്ടാണ് അടുത്തുള്ളവർ ഓടിയെത്തിയത്. പാത്രത്തിൽ ഒളിപ്പിച്ച സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് നിഗമനം.

തലശ്ശേരി എ.സി.പി അരുൺ കെ. പവിത്രൻ, ചൊക്ലി എസ്.ഐ ഷാജു, കതിരൂർ എസ്.ഐ വി.എം. ഡോളി എന്നിവരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

Tags:    
News Summary - kannur bomb blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.