കണ്ണൂർ: മൂന്നു മുന്നണികളുടെയും സ്ഥാനാർഥിപ്രഖ്യാപനം വന്നതോടെ ജില്ലയിലെ 10 മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടത്ത് ഞായറാഴ്ചയും കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല. ഇതോടെ ഇവിടെ യു.ഡി.എഫ് സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് അനിശ്ചിതത്വത്തിന് വഴിയൊരുക്കിയിരിക്കുയാണ്. എൻ.ഡി.എയിൽ ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭനാണ് ഇവിടെനിന്ന് ജനവിധി തേടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ ആദ്യഘട്ട പര്യടനം പൂർത്തിയാക്കിയിട്ടും ശക്തനായ എതിരാളിയെ തെരഞ്ഞെടുക്കാൻ ജില്ലയിലെ യു.ഡി.എഫിന് സാധിച്ചിട്ടില്ല. എൻ.ഡി.എ 11 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തി തെരഞ്ഞെടുപ്പ് ഗോഥയിൽ സജീവമായിരിക്കുകയാണ്. യു.ഡി.എഫിെൻറ സിറ്റിങ് സീറ്റായ ഇരിക്കൂറിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ കോൺഗ്രസിൽ പെട്ടിത്തെറിയും കൂട്ടരാജിയും. യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. മാത്യു, 22 ഡി.സി.സി അംഗങ്ങൾ, 13 മണ്ഡലം പ്രസിഡൻറുമാർ എന്നിവരടക്കം നൂറോളം പേരാണ് പാർട്ടി ചുമതലകൾ രാജിവെച്ചത്.
യു.ഡി.എഫിൽ സതീശൻ പാച്ചേനി (കണ്ണൂർ), അഡ്വ. സണ്ണി ജോസഫ് (പേരാവൂർ), എം.പി. അരവിന്ദാക്ഷൻ (തലശ്ശേരി), എം. പ്രദീപ് കുമാർ (പയ്യന്നൂർ), വി.പി. അബ്ദുറഷീദ് (തളിപ്പറമ്പ്), അഡ്വ. സജീവ് ജോസഫ് (ഇരിക്കൂർ), ബ്രിജേഷ് കുമാർ (കല്യാശ്ശേരി) എന്നിവിടങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിക്കുന്നത്. രണ്ടിടത്ത് മുസ്ലിം ലീഗും (അഴീക്കോട്, കൂത്തുപറമ്പ്) ഒരിടത്ത് ആർ.എസ്.പി (മട്ടന്നൂർ) എന്നിങ്ങനെയാണ് യു.ഡി.എഫിൽ ജനവിധിതേടുന്ന സ്ഥാനാർഥികൾ. ഇതിൽ ഇരിക്കൂർ, അഴീക്കോട്, പേരാവൂർ എന്നിവിടങ്ങളിലാണ് യു.ഡി.എഫിന് സിറ്റിങ് എം.എൽ.എമാരുള്ളത്.
എൽ.ഡി.എഫിൽ എട്ട് മണ്ഡലങ്ങളിലാണ് സി.പി.എം സ്ഥാനാർഥികൾ മത്സരിക്കുന്നത്. കണ്ണൂർ (കേരള കോൺ. എസ്), കൂത്തുപറമ്പ് (എൽ.ജെ.ഡി), ഇരിക്കൂർ (കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം) എന്നിവയാണ് സി.പി.എം ഘടകകക്ഷികൾക്ക് വിട്ടുനൽകിയ സീറ്റ്. അഴീക്കോട്, കണ്ണൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളിലാണ് ഇക്കുറി പോര് മുറുകുക. കഴിഞ്ഞ തവണ എൽ.ഡി.എഫിന് അട്ടിമറിവിജയം സമ്മാനിച്ച കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയും ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയുമാണ് ഇത്തവണയും ഏറ്റുമുട്ടുന്നത്. അഴീക്കോടിൽ സിറ്റിങ് എം.എൽ.എ ലീഗിലെ കെ.എം. ഷാജിയും സി.പി.എമ്മിലെ കെ.വി. സുമേഷും കൂത്തുപറമ്പിൽ എൽ.ജെ.ഡിയിലെ കെ.പി. മോഹനനും ലീഗിലെ പൊട്ടങ്കണ്ടി അബ്ദുല്ലയും തമ്മിലാണ് പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.