കണ്ണൂർ: സംസ്ഥാന ഓഡിറ്റ് വകുപ്പ് 2022 -23 വർഷം കണ്ടെത്തിയ ന്യൂനതകൾ പരിഹരിച്ച് മറുപടി നൽകുന്നതിലും ഉദ്യോഗസ്ഥ അലംഭാവമെന്ന് കൗൺസിലർമാർ. ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച ചർച്ചക്കായി വിളിച്ചു ചേർത്ത അടിയന്തര കൗൺസിൽ യോഗത്തിലാണ് കൗൺസിലർമാർ ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞത്. കഴിഞ്ഞ മൂന്നുയോഗത്തിലും ഉദ്യോഗസ്ഥർക്കെതിരെ കൗൺസിലർമാർ ഉന്നയിച്ച ആരോപണത്തിന്റെ തുടർച്ചയായി ഇതും.
ഡെപ്യൂട്ടി മേയർ അഡ്വ.പി. ഇന്ദിരയാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണത്തിന് തുടക്കം കുറിച്ചത്. ഓഡിറ്റ് റിപ്പോർട്ടിലെ ന്യൂനതകൾക്കെതിരെ മറുപടി തയാറാക്കി നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഒന്നോ രണ്ടോ പേർ മാത്രമാണ് നൽകിയതെന്നും മറ്റുള്ളവർ അനാസ്ഥയാണ് കാണിച്ചതെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥക്ക് ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷത്തെ ടി. രവീന്ദ്രൻ പറഞ്ഞു.
ഇത്തരം വീഴ്ചക്ക് ഉത്തരവാദികളാകാൻ കൗൺസിലർമാർക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ കൗൺസിൽ യോഗങ്ങളിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായ പരാമർശങ്ങൾ മുൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ഓർമിപ്പിച്ചു. ഓഡിറ്റ് റിപ്പോർട്ട് കൗൺസിലിനെ സംശയത്തിന്റെ മുനയിലാക്കുന്നുണ്ട്. കൃത്യമായ മറുപടി നൽകിയ തീരുന്ന പ്രശ്നങ്ങളെ ഇതിലുള്ളുവെന്നും ഉദ്യോഗസ്ഥർ ഉത്തരവാദിത്തം നിർവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണസമിതിക്കെതിരെ ചൂണ്ടിക്കാണിക്കാൻ കഴിയുന്ന പലതും റിപ്പോർട്ടിൽ ഉണ്ടെന്ന സി.പി.എമ്മിലെ അഡ്വ. പി.കെ. അൻവറിന്റെ പരാമർശം യു.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധത്തിന് ഇടയാക്കി. തെരഞ്ഞെടുപ്പ് തിരക്ക് കാരണമാണ് കൃത്യസമയത്ത് മറുപടി നൽകുന്നത് വൈകിപ്പിച്ചതെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. ഭരണ സമിതി നന്നായി പ്രവർത്തിച്ചിട്ടുണ്ട്. ഭരണ പ്രതിപക്ഷം എന്നൊന്നില്ല. അതിനാൽ ഭരണസമിതിയുടെ നേട്ടങ്ങൾ എല്ലാവർക്കും അർഹതപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ജൂൺ 15നകം മറുപടി വാങ്ങാനും അതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി. ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യുന്നതിൽ വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ട് ജീവനക്കാർക്കെതിരെ നടപടി വൈകുന്നതും യോഗത്തിൽ ചർച്ചയായി.
10വർഷം മുമ്പ് വന്ന റിപ്പോർട്ട് മൂടിവെച്ച സംഭവത്തിൽ നടപടിവേണമെന്ന് ഭരണ -പ്രതിപക്ഷ ഭേദമന്യെ അംഗങ്ങൾ ആവശ്യപ്പെട്ടു. കുറ്റക്കാരെന്നു കണ്ട രണ്ട് ജീവനക്കാർക്കെതിരെ നടപടിയെടുത്ത് അടുത്ത കൗൺസിൽ യോഗത്തിൽ റിപ്പോർട്ട് നൽകാൻ മേയർ സെക്രട്ടറിക്ക് നിർദേശം നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, പി.വി. ജയസൂര്യൻ, കെ. പ്രദീപൻ തുടങ്ങിയവരും സംസാരിച്ചു.
കണ്ണൂർ: കോർപറേഷനിൽ അനധികൃത കെട്ടിടങ്ങൾക്കെതിരെ കാര്യക്ഷമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് കണ്ണൂർ കോർപറേഷൻ ഓഡിറ്റ് റിപ്പോർട്ടിൽ വിമർശനം. നിയമാനുസൃതമായ നിർമാണം അല്ലെങ്കിൽ ക്രമവത്കരണത്തിന് വേണ്ട അപേക്ഷകളുടെ നിജസ്ഥിതി പരിശോധിച്ച് അനധികൃത നിർമാണത്തിൽ ഉൾപ്പെടുത്തി വസ്തു നികുതി ചുമത്തുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കോർപറേഷന്റെ കൈവശമുള്ള കെട്ടിടങ്ങളിൽ നിന്ന് വാടക ഈടാക്കുന്നില്ല. ലൈസൻസ് കാലാവധി അവസാനിച്ചിട്ടും വാടക പുതുക്കി നൽകിയിട്ടില്ല. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ്, മഴക്കാല പൂർവ ശുചീകരണം പയ്യാമ്പലം ശ്മശാനം എന്നിവയുടെ നടത്തിപ്പിലെ അപാകതകളും റിപ്പോർട്ടിലുണ്ട്. മരണപ്പെട്ടവർ സാമൂഹ്യ ക്ഷേമ പെൻഷൻ കൈപ്പറ്റിയതായും അവ തിരിച്ചു പിടിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.
കണ്ണൂർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്വന്തം നിലക്ക് കോർപറേഷന്റെ കാര്യങ്ങളിൽ ഇടപെടുന്നുണ്ടെന്ന് മേയർ മുസ്ലിഹ് മഠത്തിൽ. ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് ഉപയോഗ ശൂന്യമായ കഞ്ഞിപ്പുര കെട്ടിടം പൊളിച്ചുമാറ്റാത്തത് സംബന്ധിച്ച് ഓഡിറ്റ് പരാമർശം സംബന്ധിച്ച അജണ്ട പരിഗണിക്കവെയാണ് മേയറുടെ പരാമർശം. സ്കൂൾ താൽക്കാലികമായി ടൗൺ ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റാവുന്നതാണെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു.
എന്നാൽ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താതെയുള്ള പരാമർശം സി.പി.എമ്മിന്റെ ടി. രവീന്ദ്രൻ ചോദ്യം ചെയ്തപ്പോഴാണ് മന്ത്രിയുടെ പേര് എടുത്തു പറയാതെയുള്ള മേയറുടെ മറുപടി. ഏതാനുും ദിവസം മുമ്പ് പയ്യാമ്പലത്തെ മാലിന്യ പ്രശ്നം രൂക്ഷമായപ്പോൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.വി. സുമേഷ് എം.എൽ.എയും അതിൽ ഇടപ്പെട്ടിരുന്നു. അത് വ്യംഗ്യമായി സൂചിപ്പിക്കുകയായിരുന്നു മേയർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.