കേളകം: വീടിന്റെ ചോർച്ച മാറ്റുന്നതിന് 20,000 രൂപയുടെ അറ്റകുറ്റപ്പണി നടത്തിയയാൾക്ക് 41,000 രൂപയുടെ സെസ് നോട്ടീസ് ലഭിച്ച വിവരം പുറത്തുപറഞ്ഞതിനു പിന്നാലെ കർഷകന്റെ വീടിനുനേരെ ആക്രമണം. കേളകം പഞ്ചായത്ത് ഒമ്പതാം വാർഡിൽ താമസിക്കുന്ന പുതനപ്ര തോമസിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുൻവശത്തെ ലൈറ്റുകൾ നശിപ്പിച്ച ആക്രമികൾ ആറ് ബൾബുകൾ മോഷ്ടിക്കുകയും ചെയ്തു. സംഭവത്തിൽ കേളകം പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. 51 വർഷം പഴക്കമുള്ളതാണ് ഇദ്ദേഹത്തിന്റെ വീട്. മേൽക്കൂരയിൽ ചോർച്ച ഉണ്ടാകുകയും കുറച്ച് ഭാഗം ചിതൽ കയറുകയും ചെയ്തതോടെ 10 വർഷം മുമ്പ് കുറച്ച് ഭാഗത്ത് ഷീറ്റിട്ടിരുന്നു. ഇതിന് 2016ൽ റവന്യൂ വകുപ്പ് 6000 രൂപ ഈടാക്കി. ഷീറ്റ് മാറ്റിയിട്ടതിനും അറ്റകുറ്റപ്പണികൾക്കുമായി ആകെ 20,000 രൂപയാണ് ചെലവായത്.
എന്നാൽ, 41,26, 410 രൂപയുടെ ജോലികൾ നടത്തിയിട്ടുണ്ടെന്നും ഇതിന്റെ ഒരു ശതമാനമായ 41,264 രൂപ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധിയായി അടക്കണമെന്നുമാണ് തൊഴിൽ വകുപ്പിന്റെ പുതിയ നോട്ടീസ്. 413 രൂപ സർവിസ് ചാർജ് പണമായി നേരിട്ട് അടക്കണമെന്നും ബാക്കി 40,851 രൂപ നോട്ടീസ് കൈപ്പറ്റി 20 ദിവസത്തിനകം ഓഫിസിൽ നൽകണമെന്നുമാണ് നിർദേശം. സെസ് പിരിക്കുന്നതിനെതിരെ നിയമനടപടി ആരംഭിച്ചിരിക്കുകയാണ് തോമസ്.
നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ലേബർ ഓഫിസർക്ക് കത്ത് നൽകി. മലയോരത്തെ നിരവധി വില്ലേജ് ഓഫിസുകളുടെ പരിധിയിലും സമാനമായ രീതിയിൽ കർഷകർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.