കേളകം: മഞ്ഞളാംപുറത്തെ ഇൻഡോർ സ്റ്റേഡിയത്തിന്റെ പണി പാതിവഴിയിൽ നിലച്ചിട്ട് വർഷങ്ങളായിട്ടും തുടർനടപടിയില്ലെന്ന് നാട്ടുകാർ പരാതിയുമായി രംഗത്തെത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽനിന്ന് 11,49,376 രൂപയുടെ ടെൻഡർ നൽകിയായിരുന്നു ഇൻഡോർ സ്റ്റേഡിയം നിർമാണത്തിനായി നൽകിയത്. തുടർന്ന് കായിക വകുപ്പും ലക്ഷങ്ങളുടെ ഫണ്ട് വകയിരുത്തിയിട്ടും പണി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
മഞ്ഞളാംപുറം ടൗണിൽ മലയോര ഹൈവേയിൽനിന്ന് 100 മീറ്റർ മാത്രം അകലെ പഞ്ചായത്തിന്റെ കൈവശത്തിലുള്ള ഒരേക്കർ പത്ത് സെന്റ് ഭൂമിയിലെ 25 സെന്റ് സ്ഥലത്ത് നിർമിച്ച സ്റ്റേഡിയമാണ് ഉപയോഗമില്ലാതെ നശിക്കുന്നത്. സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്റ്റേഡിയത്തിലേക്ക് ആവശ്യമായ കളി ഉപകരണങ്ങളും അനുവദിച്ചു.
എന്നാൽ 30 ലക്ഷം രൂപ ചെലവ് ചെയ്ത് നിർമിച്ചിട്ടും ഒരു തവണപോലും ഉപയോഗിക്കാതെ ഒരു മൾട്ടി പർപ്പസ് സിന്തറ്റിക് സ്റ്റേഡിയം ചുറ്റും കാടുമൂടിയ നിലയിലാണ്. സ്റ്റേഡിയത്തിന്റെ സംരക്ഷണ വേലിയൊക്കെ നശിച്ചിട്ട് വർഷങ്ങളായി.
നിലവിൽ നവീകരണം നടത്താതെ സ്റ്റേഡിയം പൂർണമായി നശിച്ചുകഴിഞ്ഞു. പുനർനിർമാണത്തിനോ അറ്റകുറ്റപ്പണികൾക്കോപോലും ശ്രമം ഉണ്ടാകുന്നില്ലെന്ന് കായികപ്രേമികളും പരാതിപ്പെടുന്നു. സാംസ്കാരിക പരിപാടികളും പൊതുപരിപാടികളും സംഘടിപ്പിക്കാൻ സാധിക്കുംവിധം ഒരു ഭാഗത്ത് സ്റ്റേജ് നിർമിക്കാനും ചുറ്റും ഇരിപ്പിടങ്ങൾ നിർമിക്കാനും പദ്ധതി ഉണ്ടായിരുന്നെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.