കേളകം: കൊട്ടിയൂർ -വയനാട് ചുരം പാതയിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽപെട്ട് യാത്രക്കാർ നരകിക്കുന്നു. വിള്ളൽ വീണ് ഗർത്തമായ തലശ്ശേരി ബാവലി അന്തർസംസ്ഥാന പാതയിൽ പേരിയ ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതോടെയാണ് കൊട്ടിയൂർ - പാൽ ചുരം - ബോയ്സ് ടൗൺ ചുരം പാതയിൽ വാഹനത്തിരക്കേറിയത്. ദീർഘദൂര ബസുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ, ചെങ്കൽ ലോറികൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോയി ഇടുങ്ങിയ പാതയിൽ കുരുങ്ങുമ്പോൾ ഗതാഗത കുരുക്കഴിക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം സ്ഥലത്തില്ല.
വയനാട് അതിർത്തിയിൽ തലപ്പുഴ പൊലീസിന്റെയും കണ്ണൂർ അതിർത്തി കേളകം പൊലീസിന്റെയും പരിധിയിലാണ്. സ്ഥലത്ത് പൊലീസിനെ ഗതാഗത നിയന്ത്രണത്തിന് നിയോഗിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പാൽ ചുരത്തും വയനാട് അതിർത്തിയായ ചെകുത്താൻ തോടിന് സമീപത്തും ഓരോ പൊലീസുകാരെ നിയോഗിച്ചാൽ ഗതാഗത നിയന്ത്രണമാവുകയും വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാനുമാകും. വെള്ളിയാഴ്ച മണിക്കൂറോളം പാതയിൽ ഗതാഗത സ്തംഭനമുണ്ടായിട്ടും തടസ്സം നീക്കാൻ അധികൃതർ ആരുമെത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു. മണിക്കൂറുകൾ ഇടവിട്ട് പാതയിൽ ഗതാഗത സ്തംഭനം തുടരുന്ന അവസ്ഥയാണ്.
ജൂലൈ 30നാണ് തലശ്ശേരി ബാവലി അന്തർസംസ്ഥാന പാതയിൽ ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചത്. റോഡിൽ വലിയ വിള്ളൽ രൂപപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അപകടസാധ്യത കണക്കിലെടുത്ത് ഇതുവഴിയുള്ള ഗതാഗതം ജില്ല ഭരണകൂടം നിരോധിച്ചതോടെ കൊട്ടിയൂർ - പാൽ ചുരം -വയനാട് പാതയിൽ വാഹന പ്രവാഹമാണ്. ഗതാഗത നിയന്ത്രണത്തിന് ഇരു ഭാഗങ്ങളിലും അടിയന്തരമായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ചെകുത്താൻ തോടിന് സമീപം വെള്ളിയാഴ്ച വൈകീട്ട് ലോറി കുടുങ്ങിയതാണ് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിന് കാരണമായത്. ഇതേതുടർന്ന് ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളിൽ യാത്രക്കാർക്ക് ദുരിതമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.