കേളകം: റബർ വില കുതിക്കുമ്പോഴും ഫലമില്ലാതെ കർഷകർ. പന്ത്രണ്ടു വര്‍ഷത്തിനു ശേഷം റെക്കോർഡ് മറികടക്കാനൊരുങ്ങി റബര്‍ വില കുതിക്കുമ്പോൾ കനത്ത മഴ തുടരുന്നതിനാൽ ടാപ്പിങ് നടത്താനാവാതെ സങ്കടത്തിലാണ് കർഷകർ. റബര്‍ ബോര്‍ഡ് വ്യാഴാഴ്ച പ്രഖ്യാപിച്ച വില കിലോഗ്രാമിന് 244 രൂപയാണ്. വില കുതിക്കുമ്പോൾ ആവശ്യത്തിന് റബർ ഉൽപാദനം ഇല്ലാതെ വന്നത് കർഷകർക്ക് തിരിച്ചടിയായി. മഴക്കാലത്ത് സാധാരണയായി ഉൽപാദനം വർധിക്കുന്നതാണ് പതിവ്. അതിന് മഴക്കാലത്തിനു മുന്നോടിയായി റബറിന് മഴമറ സ്ഥാപിക്കണം. എന്നാൽ, ഇത്തവണ മഴമറക്കുള്ള സബ്സിഡി റബർ ബോർഡ് നൽകാതെ വന്നതോടെ ടാപ്പിങ് നിലച്ചു. ഇതോടെ ഉൽപാദനം കുറഞ്ഞു. മാർച്ചിൽ കേന്ദ്രം പ്രഖ്യാപിച്ച മഴമറക്കുള്ള സഹായ പദ്ധതി റബർ ബോർഡ് നടപ്പാക്കാത്തതാണ് പ്രശ്നമായത്. ഹെക്ടറിന് നാലായിരം രൂപ നൽകുന്നതായിരുന്നു പദ്ധതി. ഇതെങ്ങനെ നടപ്പാക്കണമെന്ന് ബോർഡ് ഇനിയും അന്തിമതീരുമാനമെടുത്തില്ലെന്നാണ് കർഷകർ പറയുന്നത്. നേരത്തേ റബർ ഉൽ പാദക സംഘങ്ങൾ (ആർ.പി.എസ്) മഴമറക്കുള്ള പ്ലാസ്റ്റിക്, പശ, ബെൽറ്റ് എന്നിവ വാങ്ങി കൃഷിക്കാർക്ക് വിതരണം ചെയ്യുമായിരുന്നു. പിന്നീട് ബില്ല് നൽകി സംഘം ബോർഡിൽ നിന്ന് പണം വാങ്ങും.
എന്നാൽ, കേന്ദ്രത്തിന്റെ സഹായ പദ്ധതികളെല്ലാം ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടെത്തുന്ന രീതി ആയതോടെ പദ്ധതി നടത്തിപ്പിൽ വ്യക്തതക്കുറവുണ്ടായി എന്നാണ് റബർ ബോർഡ് നൽകുന്ന വിശദീകരണം. ഇനി മഴ മാറി റബർ ടാപ്പിങ് തുടങ്ങാൻ മാസങ്ങൾ കാത്തിരിക്കണം. അപ്പോഴേക്ക് വില കുറയാനും സാധ്യതയുണ്ട്. നിലവിൽ കനത്ത മഴയിൽ റബറിന്റെ ഇല കൊഴിഞ്ഞതും മറ്റൊരു പ്രതിസന്ധിയാണ്.
2012 സാമ്പത്തിക വര്‍ഷത്തില്‍ റബറിന് 243 രൂപക്ക് മേൽ കിട്ടിയത് ചരിത്രത്തിലെ റബറിന്റെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു. ആ റെക്കോഡ് ഇത്തവണ തകരുമെന്ന് കർഷകർക്ക് പ്രതീക്ഷിക്കുന്നു. ഒട്ടുപാല് വിലയും റെക്കോഡിലേക്ക് എത്തുന്നുവെന്നാണു സൂചന. ഉണങ്ങിയ ഒട്ടുപാല് നല്കുന്ന കര്ഷകന് 172 രൂപ വരെ ലഭിക്കും. 2012ല്‍ ഒട്ടുപാല് വില 180 രൂപയില്‍ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.