കേളകം: വൈവിധ്യവത്കരണ പദ്ധതികളിലൂടെ ആറളം ഫാമിനെ കരകയറ്റാൻ നടപടികൾ ഊർജിതമാക്കി ഫാം മാനേജ്മെന്റ്. കേന്ദ്ര സർക്കാറിന്റെ ഉടമസ്ഥതയിലായിരുന്ന ഫാമിന്റെ പാതിഭാഗം ആദിവാസി പുനരധിവാസത്തിന് നൽകിയിരുന്നു. ബാക്കിയായ പ്രദേശത്തെ കാർഷിക വിളകൾ കാട്ടാനകളുടെയും മറ്റും ശല്യം മൂലം നശിച്ചതോടെ ഫാമിന്റെ നിലനിൽപ് ഭീഷണിയായി. തുടർന്ന് കാട്ടാനകളുടെ പിടിയിൽനിന്ന് മോചിപ്പിച്ച് ആറളം കാർഷിക ഫാമിനെ കരകയറ്റി നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഫാം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നത്.
ഫാം ഭൂമിയെ കാട്ടാനകളിൽനിന്ന് സംരക്ഷിക്കുന്നതിന് സ്ഥാപിച്ച തൂക്ക് വൈദ്യുതിവേലി ഫലം കണ്ടതോടെ ആദ്യ ഘട്ടത്തിൽ 100 ഏക്കറിലാണ് വൈവിധ്യ വിളകളുടെ വിത്തെറിഞ്ഞത്. നെല്ല്, ചേന, കാച്ചിൽ, ചേമ്പ്, കൂർക്ക, ചെറുകിഴങ്ങ്, മരച്ചീനി, മഞ്ഞൾ, ഇഞ്ചി, കൂവ, വൻപയർ, ചെണ്ട് മല്ലി, കുരുമുളക്, വിവിധയിനം തെങ്ങിൻ തൈകൾ, കമുക് തുടങ്ങിയവയാണ് ഫാമിന്റെ നൂറേക്കറിൽ കൃഷിയിറക്കിയത്.
ഓണത്തിന് വിളവെടുക്കാൻ പാകത്തിനാണ് ചേമ്പും ചേനയും കാച്ചിലും കൂർക്കയും തുടങ്ങി ചെണ്ടുമല്ലി വരെ വിളയുന്നത്. കല്ലടിയാരൻ, ആതിര ഇനം വിത്തുകളാണ് മുന്നേക്കറിൽ പച്ച വിരിക്കുന്നത്. 2000 ചുവട് മരച്ചീനിയും 5135 ചുവട് ചേനയും 7000 ചുവട് ചേമ്പും ആറളം ഭൂമിയെ ഹരിതാഭമാക്കി. ആറളത്ത് പുനരധിവസിപ്പിക്കപ്പെട്ട പട്ടികവർഗക്കാരുടെ ജീവനോപാധിയെ മെച്ചപ്പെടുത്താം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ. കൃത്യമായ ആസൂത്രണത്തോടെ ഫാമിന്റെ ഭാവി ഭദ്രമാക്കുന്നതിനും സ്വയംപര്യാപ്ത തയിൽ എത്തുന്നതിനും വേണ്ട സുസ്ഥിര വികസന പദ്ധതികളും നടപ്പാക്കുന്നുണ്ട്.
വന്യമൃഗശല്യത്താലും കാലപ്പഴക്കത്താലും നശിച്ചുപോയ വിളകളെ പുനഃക്രമീകരിക്കാനും അതോടൊപ്പം ഹ്രസ്വകാല വിളകളെ പ്രോത്സാഹിപ്പിച്ച് വരുമാനദായകമാക്കുന്നതിനും പദ്ധതികളെ ക്രമപ്പെടുത്തി നടപ്പാക്കുകയാണ് ചെയ്യുന്നത്. പദ്ധതികൾ നടപ്പിലാക്കുന്നതിനുമുമ്പ് ഫാമിന്റെ അടിസ്ഥാന പ്രശ്നമായ ആനകളെ തുരത്തി പ്രതിരോധിക്കുന്നതിനുള്ള വൈദ്യുതി വേലികൾ നിർമിക്കുന്നതിനും വകുപ്പ് ധനസഹായം അനുവദിച്ചിരുന്നു. ആനകളെ തുരത്തുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയതോടെയാണ് ആദ്യഘട്ടമായി നൂറേക്കറിൽ വിത്തെറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.