കേളകം: ചീങ്കണ്ണിപ്പുഴയിലൂടെ കാട്ടാനകളുടെ ജലഘോഷയാത്ര തുടരുമ്പോൾ നെഞ്ചിടിപ്പോടെ മലയോര കർഷകർ. കനത്ത മഴയെ തുടർന്ന് ആറളം വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ചീങ്കണ്ണിപ്പുഴ വെള്ളപ്പൊക്കത്തിൽ ആറളം ആനമതിൽ അഞ്ചിടങ്ങളിലാണ് തകർന്നത്.
മുട്ടുമാറ്റി മലയോരപാതയോട് ചേർന്ന് രണ്ടിടത്തും വാളുമുക്കിൽ മൂന്നിടത്തുമാണ് തകർന്നത്. ആനകൾ ഉൾപ്പെടെ വന്യജീവികൾ കൃഷിയിടങ്ങളിൽ കടക്കാതിരിക്കാൻ നിർമിച്ച ആനമതിൽ തുടർച്ചയായി തകരുന്നത് വനാതിർത്തികളിലെ കർഷകരെ കൂടുതൽ ഭീതിയിലാഴ്ത്തി.
തകർന്ന മതിൽ ഉടൻ പുനർനിർമിച്ചില്ലെങ്കിൽ കാട്ടാനശല്യം വീണ്ടും രൂക്ഷമാകുമെന്നാണ് കർഷകരുടെ ആശങ്ക. മുമ്പ് പുഴകടന്നും ആനമതിലും തൂക്ക് വൈദ്യുതിവേലി തകർത്തും കാട്ടാനകൾ ജനവാസ പ്രദേശങ്ങളിൽ കടന്ന് കാർഷിക വിളകൾ നശിപ്പിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.
അപ്പോൾ ആനമതിൽ പൊളിഞ്ഞുകിടക്കുമ്പോഴുണ്ടാകാവുന്ന അവസ്ഥ കർഷകർക്ക് ഊഹിക്കാൻപോലുമാവില്ല. ആറളം ഫാമിൽ ആനമതിൽ നിർമാണം ആരംഭിച്ചതു മുതൽ ഫാമിലും പുനരധിവാസ ബ്ലോക്കുകളിലും തമ്പടിച്ചിട്ടുള്ള എഴുപതോളം കാട്ടാനകളെയാണ് തുരത്തിയത്. ഇപ്പോൾ ഈ കാട്ടാനകൾ വനാതിർത്തികളിലും ചീങ്കണ്ണിപ്പുഴയോരത്തുമാണ് തമ്പടിച്ചിട്ടുള്ളത്.
തകർന്ന ആനമതിൽ പുനർനിർമാണം നടത്തുംവരെ താൽക്കാലിക പരിഹാരമായി തൂക്ക് വൈദ്യുതിവേലി സ്ഥാപിക്കുകയും നിരീക്ഷണത്തിനായി വനപാലകരെ നിയമിക്കണമെന്നുമാണ് കർഷകരും കർഷക സംഘടനകളും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.