കേളകം: കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, നെടുംപുറം ചാൽ മേഖലകളെ തകർത്ത ഉരുൾപൊട്ടൽ പരമ്പരക്ക് രണ്ടാണ്ട്. 2022 ആഗസ്റ്റ് ഒന്നിനാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.കണിച്ചാർ, കോളയാട്, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ 37 ഇടങ്ങളിലുണ്ടായ ഉരുൾപൊട്ടൽ പരമ്പരയിൽ മലയോരം നടുങ്ങിയിരുന്നു. കണിച്ചാർ പൂളക്കുറ്റിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരു കുട്ടിയടക്കം മൂന്നു പേർ മരിക്കുകയും എട്ടോളം വീടുകൾ പൂർണമായും 32 വീടുകൾ ഭാഗികമായും തകരുകയും ചെയ്തു.
കണിച്ചാൽ വെള്ളറ കോളനിയിലെ അരുവിക്കൽ ഹൗസിൽ രാജേഷ് (45), പൂളക്കുറ്റി ആരോഗ്യ കേന്ദ്രം ജീവനക്കാരി നദീറ ജെ. റഹീമിന്റെ രണ്ടര വയസ്സുകാരി നൂമ തസ്മീൻ, കണിച്ചാർ വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രൻ (55) എന്നിവരാണ് മരിച്ചത്.
ഏക്കർകണക്കിന് കൃഷിയും കൃഷിയിടവും ഒലിച്ചുപോയി. കാഞ്ഞിരപ്പുഴ, ബാവലിപ്പുഴയോരത്തു താമസിക്കുന്നവരുടെ വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങളും വളർത്തുമൃഗങ്ങളും ഉൾപ്പെടെ ഒലിച്ചുപോയി. ഉരുൾപൊട്ടലിൽ കൃഷിയിടവും വ്യാപാരസ്ഥാപനങ്ങളും നശിച്ചവരിന്നും ദുരിതത്തിലാണ്. മരണമടഞ്ഞവരുടെ കുടുംബത്തിനും വീടുകൾ നഷ്ടപ്പെട്ടവർക്കും സർക്കാർ സഹായം പരിമിതമായി ലഭിച്ചതൊഴിച്ചാൽ കാർഷിക മേഖലക്കുണ്ടായ നഷ്ടങ്ങൾക്ക് കാര്യമായി സഹായമുണ്ടായില്ല.
കോളയാട് പഞ്ചായത്തിലെ ചെക്കേരി, നെടുംപൊയിൽ, കണിച്ചാർ പഞ്ചായത്തിലെ വെള്ളറ പൂളക്കുറ്റി, നെടുംപുറംചാൽ, പേരാ പഞ്ചായത്തിലെ തെറ്റുവഴി, തൊണ്ടിയിൽ പ്രദേശങ്ങളിലെ നിരവധി കർഷകരും വ്യാപാരികളും രണ്ട് വർഷത്തിന് ശേഷവും സർക്കാർ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.