ശിയടിക്കുന്ന കാറ്റും നഗരത്തിലും നാട്ടിൻപുറങ്ങളിലും നാശം വിതക്കുന്നു. കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് പൂർണമായും തകർന്നു. കണിച്ചാർ കല്ലടിയിലെ കാരിക്കക്കുന്നേൽ കെ.ജി. ഫിലിപ്പിന്റെ വീടാണ് തകർന്നത്. ചൊവ്വാഴ്ച പുലർച്ചയുണ്ടായ ശക്തമായ കാറ്റിനും മഴയിലുമാണ് തെങ്ങ് വീണത്. ചൊവ്വാഴ്ച രാവിലെ 6.30 ഓടെ ആയിരുന്നു സംഭവം. അപകട സമയത്ത് വീട്ടിനുള്ളിൽ ഗർഭിണിയായ മകളും പ്രായമായ മാതാപിതാക്കളുമുണ്ടായിരുന്നു. അത്ഭുതകരമായാണ് വീട്ടിനുള്ളിലെ മൂന്നുപേരും രക്ഷപ്പെട്ടത്.തെങ്ങ് വീണതിനെ തുടർന്ന് വീടിനുള്ളിലെ സാധനസാമഗ്രികളും നശിച്ചു. നാട്ടുകാരും ജനപ്രതിനിധികളും സ്ഥലത്തെത്തി തെങ്ങ് മുറിച്ചുനീക്കി വീടിന്റെ മേൽക്കൂരയിൽ ഷീറ്റ് വലിച്ചു കെട്ടി. ഇവർക്ക് വേണ്ട സഹായം അധികൃതർ എത്രയും പെട്ടെന്ന് നൽകണമെന്ന് നാട്ടുകാർ പറയുന്നു.
പേരാവൂർ: ശക്തമായ കാറ്റിൽ മരം കടപുഴകി ഓട്ടോറിക്ഷ തകർന്നു. പേരാവൂർ തിരുവോണപ്പറത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയുടെ മുകളിലായിരുന്നു മരം വീണത്. കണ്ണൂർ പഴയങ്ങാടി സ്വദേശി രാമലയത്തിൽ നിധിന്റെ ഓട്ടോയാണ് തകർന്നത്. കണ്ണൂരിലെ ആശുപത്രിയിൽ പോകാനായി എത്തിയ ഓട്ടോറിക്ഷക്ക് മുകളിലാണ് സമീപത്തെ പ്ലാവ് കടപുഴകിയത്. പ്രദേശത്തെ വൈദ്യുതി, കേബിൾ ബന്ധവും നശിച്ചു. ഓട്ടോറിക്ഷയുടെ മുകൾ ഭാഗം പൂർണമായും തകർന്നു. പേരാവൂർ അഗ്നിരക്ഷാസേന മരം മുറിച്ചു നീക്കി.
ഇരിട്ടി: പുന്നാട് ടൗണിന് സമീപത്തെ കേളോത്ത് മുസ്തഫയുടെ വീട്ടുമതിൽ തകർന്നുവീണു. റോഡിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്. ഇരിട്ടിയിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി റോഡിലെ ചളിയും മണ്ണും നീക്കം ചെയ്തു. സിമന്റ് കയറ്റി വന്ന ലോറി റോഡരികിൽ താഴ്ന്നു. ബെല്ലാരിയിൽ നിന്ന് ഇരിട്ടി മാടത്തിയിലേക്ക് സിമന്റ് കയറ്റി വന്ന ചരക്ക് ലോറിയാണ് ഇരിട്ടി പൊലീസ് സ്റ്റേഷനു മുന്നിലെ റോഡരികിൽ താഴ്ന്നത്. സ്റ്റേഷനിലേക്ക് സ്റ്റെപ്പുകൾ കയറി പോകുന്ന പാതക്ക് മുന്നിൽ ലോറി ഒതുക്കി നിർത്തിയപ്പോൾ റോഡിൽ താഴ്ന്നു പോവുകയായിരുന്നു. നേരത്തെ ഇതുവഴി വെള്ളം കൊണ്ടുപോകാൻ കുഴിയെടുത്തിരുന്നു. ഇവിടെയാണ് ലോറി താഴ്ന്നത്.
പഴയങ്ങാടി: തിങ്കളാഴ്ച രാത്രിയിലെ കാറ്റിലും മഴയിലും പുതിയങ്ങാടി ചൂട്ടാട് പുതിയവളപ്പിലെ മിനിയാടൻ ജെയിംസിന്റെ വീടിന്റെ അടുക്കള ഭാഗം തകർന്നു. കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നെങ്കിലും അപകടത്തിൽപെടാതെ രക്ഷപ്പെട്ടു. സമീപവാസികളെത്തി വീട് കൂടുതൽ അപകടം സംഭവിക്കാതിരിക്കാനുള്ള പ്രവൃത്തികൾ നടത്തി വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. മാടായി പഞ്ചായത്ത്, വില്ലേജ് അധികൃതർ വീട് സന്ദർശിച്ചു.
പുളിങ്ങോം: കോഴിച്ചാലിൽ കവുങ്ങ് വീണ് വീട് തകര്‍ന്നു. കോഴിച്ചാല്‍ കട്ടപ്പള്ളിയിലെ കമ്മന്തട്ട യശോദയുടെ ഓടിട്ട വീടിന്റെ മേല്കൂരയാണ് തകര്‍ന്നത്. തിങ്കളാഴ്ച രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലുമാണ് കവുങ്ങ് ഒടിഞ്ഞു വീടിന് മുകളിൽ വീണത്. പഞ്ചായത്ത്, റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
ഉരുവച്ചാൽ: ശക്തമായ മഴയിൽ നീർവേലി ആയിത്തറ റോഡ് അരിക് ഇടിഞ്ഞു. റോഡ് അപകടാവസ്ഥയിൽ. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. അഞ്ചരക്കണ്ടി പുഴയിൽ ജലനിരപ്പ് ക്രമാധീതമായി ഉയർന്നതോടെയാണ് റോഡിന്റെ അരികിടിഞ്ഞ് പുഴയിലേക്ക് പതിച്ചത്. റോഡിനോട് ചേർന്നുണ്ടായിരുന്ന മുളകളും പുഴയിലേക്ക് പതിച്ചു. റോഡിൽ വിള്ളൽ വീണിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. റോഡ് ഇടിയാതെ സംരക്ഷണം ഏർപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരനും മേജർ ഇറിഗേഷൻ തലശ്ശേരി സെക്ഷൻ അസി. എൻജിനീയർ ബിനോയ് ജോർജും പറഞ്ഞു.
മട്ടന്നൂര്‍: കല്ലൂര്‍ റോഡ് കനാലിന് സമീപത്തായി റോഡില്‍ രൂപപ്പെട്ട ഗര്‍ത്തം അപകടഭീഷണിയാകുന്നു. കല്ലൂര്‍ കീച്ചേരി റോഡിലാണ് കനാലിന് സമീപം വലിയ ഗര്‍ത്തം രൂപപ്പെട്ടത്. ഇറിഗേഷന്‍ ആറുമാസം മുന്നേ പണികഴിപ്പിച്ച ഓവുചാലിന് സമീപത്തെ മണ്ണ് മഴയത്ത് അമര്ന്നതോടെയാണ് വലിയ രൂപത്തില്‍ ഗര്‍ത്തം രൂപപ്പെട്ടത്. ഇപ്പോള്‍ ചെറിയ വാഹനത്തിന് മാത്രം കടന്നുപോകാനുള്ള വഴി മാത്രമേയുള്ളൂ. കൗണ്‍സിലര്‍മാരായ പി.പി. ജലീല്‍, സി. അജിത്ത് കുമാര്‍, ഇറിഗേഷന്‍ ഫീല്‍ഡ് ഓഫിസര്‍ ജയേഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.