കേളകം: പഴമക്കാർ പറയും, ആനകൊടുത്താലും ആശ കൊടുക്കരുതെന്ന്. ആശ കൊടുത്ത് അധികൃതർ നിരാശയുടെ കൊടുമുടി കയറ്റിവിട്ട ഒരു ജനതയുണ്ട് കേളകം പഞ്ചായത്ത് ഏഴാം വാർഡിലെ രാമച്ചിയിൽ. ഇല്ലായ്മ എന്തൊക്കെയെന്നറിയണമെങ്കിൽ ഇവിടെയുള്ള ആദിവാസി കോളനിയിലെത്തിയാൽ മതി. അതുകൊണ്ടുതന്നെയാണ് ആദിവാസി ജനങ്ങളുടെ ക്ഷേമാന്വേഷണത്തിനായി കോളനിയിൽ മാവോവാദികൾ പതിവായെത്തി കട്ടൻ ചായ കുടിച്ച് മടങ്ങുന്നത്. ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള, മാവോവാദി ഭീഷണി നേരിടുന്ന രാമച്ചി കോളനിയിൽ ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം മാസങ്ങൾക്കുമുമ്പ് സന്ദർശനം നടത്തിയിരുന്നു. ജില്ല ഭരണകൂടത്തിന് മുന്നിൽ പരാതികളുടെ കെട്ടഴിച്ചുവിട്ടു കോളനിവാസികൾ. കുടുംബശ്രീ ജില്ല മിഷൻ ആഭിമുഖ്യത്തില്‍ പട്ടികജാതി–പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതി പ്രകാരം നടപ്പാക്കുന്ന 'ഊരില്‍ ഒരുദിനം' പദ്ധതിയുടെ ഭാഗമായായിരുന്നു അടക്കാത്തോട് രാമച്ചി കോളനിയില്‍ കലക്ടര്‍ ടി.വി. സുഭാഷിെൻറ നേതൃത്വത്തിൽ പരിപാടി നടന്നത്. കോളനിയിലെ അടിസ്ഥാന സൗകര്യവും അവയിലുള്ള പോരായ്മകളും പരിഹരിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസം, കുടിവെള്ളം, റോഡ് സൗകര്യം, ഭൂമി സംബന്ധിച്ചുള്ള വിഷയങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ചയായി.
തൊഴിലുറപ്പ് പദ്ധതി കൂടാതെ മറ്റ് വരുമാനം ലഭിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനും സ്വയം തൊഴില്‍ അഭ്യസിപ്പിക്കാനും പരിപാടിയില്‍ ധാരണയായി. കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിനായി ഹോസ്റ്റലുകളില്‍ പ്രവേശിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും യോഗത്തില്‍ തീരുമാനിച്ച് മോഹനവാഗ്ദാനങ്ങൾ നൽകി സംഘം മടങ്ങി.
എന്നാൽ, വല്ലതും നടന്നോ എന്നാരും തിരക്കരുത്. ആറ് പതിറ്റാണ്ട് പഴക്കമുള്ള വനത്തിലൂടെയുള്ള ോഡ് നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ ഭക്ഷണ സാധനങ്ങളും മറ്റും കോളനിയില്‍ എത്തിക്കാന്‍ വന്‍ തുക വാഹനക്കൂലിയായി നല്‍കണമെന്ന കാര്യം സൂചിപ്പിച്ചപ്പോള്‍, ആഴ്ചയില്‍ ഒരു ദിവസം മൊബൈല്‍ സപ്ലൈകോ കോളനിയില്‍ എത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കാനും തീരുമാനിച്ച് മടങ്ങിയ സംഘത്തെ പിന്നെയാരും കണ്ടില്ല. കോളനിയിലേക്ക് കേളകത്തുനിന്ന് ഓട്ടോറിക്ഷയെത്താൻ 400 രൂപ കൊടുക്കണം. അടക്കാത്തോട്ടിൽ നിന്നാണെങ്കിൽ 200 രൂപയും. ശാന്തിഗിരി വഴി വാഹനമെത്തണമെങ്കിൽ രാമച്ചിക്കാർ ഭീമമായ തുക നൽകണം. എന്നാൽ, കരിയം കാപ്പ് -രാമച്ചി റോഡ് ഗതാഗത യോഗ്യമാക്കിയാൽ രാമച്ചിയിലെ ആദിവാസികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും. പക്ഷേ, വർഷങ്ങളായി റോഡുമാത്രം നന്നാവുന്നില്ല.
രാമച്ചി കോളനി നിവാസികളടക്കം ഗതാഗത ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അടക്കാത്തോട് ടൗണിൽ നിന്നും നാലു കിലോമീറ്ററോളം ദൂരം മാത്രമുള്ള കോളനി ഒറ്റപ്പെട്ട നിലയിൽ പുറംലോകവുമായി ബന്ധങ്ങളൊന്നുമില്ലാതെയാണ് കഴിയുന്നത്. മൺറോഡുണ്ടെങ്കിലും ദുരിതയാത്രയേ സാധ്യമാകൂ. കല്ലുനിറഞ്ഞ വഴിയിൽ കൂടിയുള്ള യാത്ര ദുഷ്കരമാണ്. ഒറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശം കൊട്ടിയൂർ, ആറളം, കർണാടക വനമേഖലകൾക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. യാത്രാസൗകര്യങ്ങളേർപ്പെടുത്തുകയും റോഡ് ടാർ ചെയ്യുകയും ചെയ്താൽ പ്രദേശത്ത് ആളനക്കമുണ്ടാവുകയും മാവോവാദികളുടെ വരവ് ഒരു പരിധി വരെയെങ്കിലും നിലക്കുമെന്നുമാണ് നാട്ടുകാർ പറയുന്നത്. കരിയം കാപ്പ് വഴി രാമച്ചി റോഡ് ടാർ ചെയ്യുന്നതിനുള്ള പ്രധാന പ്രതിസന്ധി ഇടക്കുള്ള വനമേഖലയാണ്. വനം ഒഴിച്ചുള്ള ഭാഗമെങ്കിലും ടാറിങ് നടത്തി നൽകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഇതോടൊപ്പം കോളനിയിൽ കുടിവെള്ളമെത്തിക്കുന്നത് തൊട്ടടുത്ത കാട്ടരുവിയിൽ നിന്നും കറുത്ത പൈപ്പിട്ടാണ്. ഇതാണെങ്കിൽ കാട്ടാനകൾ പതിവായി നശിപ്പിക്കും. അങ്ങനെ കാട്ടാനകൾക്കും കാനനത്തിനും സമീപത്ത് മാവോവാദികളുടെ സാന്ത്വന വാക്കുകൾ കേട്ട്, അധികൃതർ പറഞ്ഞുപഴകിയ തുരുമ്പെടുത്ത മോഹന വാഗ്ദാനങ്ങൾ എന്നെങ്കിലും നടക്കുമെന്ന പ്രതീക്ഷയിലാണ് കോളനിവാസികൾ. വികസനമെത്താത്ത പ്രദേശത്തെ കുടിയേറ്റ കർഷകർ കാലങ്ങൾക്കുമുമ്പുതന്നെ ഇവിടെനിന്നും വെളിച്ചമുള്ള പ്രദേശത്തേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.