കേളകം: അടക്കാത്തോടിന്റെ ടൗൺ പരിസരങ്ങളിലും കാട്ടു പന്നികൾ വിഹരിക്കുന്നു. നാടും കാടും വ്യത്യാസമില്ലാതെ വന്യ ജീവികളുടെ വിഹാരം. മലയോരത്ത് കാട്ടുപന്നിശല്യം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. ഇതുവരെ ശല്യമില്ലാതിരുന്ന പ്രദേശങ്ങളിൽവരെ കാട്ടുപന്നികളെത്തി കൃഷി നശിപ്പിക്കുകയാണ്.
അധ്വാനിച്ച് നട്ടുവളർത്തിയ കാർഷികവിളകൾ കാട്ടുപന്നികൾ നശിപ്പിക്കുന്നത് നോക്കിനിൽക്കേണ്ട അവസ്ഥയിലാണ് കർഷകർ. സന്ധ്യയായാൽ പുറത്തിറങ്ങാനാവാത്ത അവസ്ഥ. കേളകം, കണിച്ചാർ, കൊട്ടിയൂർ, ആറളം, കോളയാട്, അയ്യംകുന്ന് പഞ്ചായത്തുകളുടെ മലയോര പ്രദേശങ്ങൾക്ക് പുറമെ ജനവാസ കേന്ദ്രങ്ങളിൽവരെ പന്നികൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുമ്പോൾ ഭീതിയിലാണ് കർഷകർ.
ജനവാസ കേന്ദ്രങ്ങളിൽപോലും തമ്പടിച്ചിട്ടും ഇവയെ കൊന്നൊടുക്കാൻ ചട്ടമുണ്ടായിട്ടും വിനിയോഗിക്കാതെ വനം വകുപ്പും, ഗ്രാമപഞ്ചായത്തും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. അടക്കാത്തോട്-നാരങ്ങത്തട്ട് റോഡിലെ കാലായിൽ റഷീദിന്റെ നൂറുകണക്കിന് മരച്ചീനി, ചേമ്പ്, ചേന തുടങ്ങിയ ഭക്ഷ്യവിളകൾ കാട്ട് പന്നിക്കൂട്ടം നശിപ്പിച്ചു.
ഇവയുടെ ആക്രമണം ഭയന്ന് പ്രഭാതത്തിൽ റബർ ടാപ്പിങ്ങിന് പോകാൻപോലും പറ്റാത്ത അവസ്ഥയാണെന്ന് കർഷകർ പരാതിപ്പെടുന്നു. കാട് നിറഞ്ഞ കൃഷിയിടങ്ങളിൽ പകൽ സമയം തമ്പടിക്കുന്ന വന്യ ജീവികളാണ് സന്ധ്യയാകുന്നതോടെ കൃഷിയിടങ്ങൾ കൈയടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.