കേളകം: വന്യജീവികളുടെ വിഹാരം തുടരുമ്പോൾ ആറളം ഫാമിൽ പകലും രാത്രിയിലും യാത്ര ഭീതിജനകം. പകൽ സമയത്തും വന്യമൃഗങ്ങളെ ഭയന്ന് തൊഴിലാളികൾക്കുപോലും ഇതുവഴി യാത്രചെയ്യാൻ കഴിയാത്ത സഹചര്യമാണ്. ടാപ്പിങ്ങിന് എത്തിയ തൊഴിലാളിയും മകനുമാണ് ബുധനാഴ്ച രാവിലെ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് അപകടത്തിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
പേരാവൂർ കേളകം ഭാഗത്തുനിന്നും എളുപ്പത്തിൽ കീഴ്പ്പള്ളി ഭാഗത്തേക്ക് എത്താൻ കഴിയുന്ന വഴി ആയതിനാൽ നിരവധി പേരാണ് ഫാമിലൂടെ യാത്രചെയ്യുന്നത്. പുനരധിവാസ മേഖലയിലെ കുടുംബങ്ങൾ ഇതുവഴി സഞ്ചരിക്കുന്നത് ജീവൻ പണയംവെച്ചാണ്. രണ്ട് ദിവസം മുമ്പ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള മെംബർമാർ സഞ്ചരിച്ചിരുന്ന വാഹനം കാട്ടാനക്ക് മുന്നിൽനിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ആനമതിൽ നിർമാണം വേഗത്തിലാക്കി ഫാമിൽ തമ്പടിച്ചിരുന്ന വന്യമൃഗങ്ങളെ വനത്തിലേക്ക് തുരത്തി ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കേളകം: ജനവാസമേഖലയിൽ ഭീതിവിതച്ച കാട്ടാനക്കൂട്ടത്തെ വനപാലകർ തുരത്തി. കൊട്ടിയൂർ വനപ്രദേശത്തുനിന്ന് ശാന്തിഗിരി രാമച്ചി ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെയാണ് കൊട്ടിയൂർ റേഞ്ച് വനപാലകർ തുരത്തി വനത്തിലേക്ക് വിട്ടത്.
മണത്തണ സെക്ഷൻ ഫോറസ്റ്റർ പ്രമോദ് കുമാർ, ബീറ്റ് ഫോറസ്റ്റർമാരായ അനൂപ്, പ്രജിഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് ആനകളെ വനത്തിലേക്ക് തുരത്തിയത്.
ജനവാസ മേഖലകളിൽ കാട്ടാനകളെത്തുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. വനാതിർത്തിയിൽ തൂക്ക് വൈദ്യുതി വേലി നിർമാണം ആരംഭിച്ചെങ്കിലും പൂർത്തിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.