കേളകം: ആനയെ തുരത്താനെത്തി തിരിച്ചുപോകാൻ കഴിയാതെ ഫാമിനുള്ളിൽ ആസ്ഥാന മന്ദിരം നിർമിച്ച് സ്ഥിരതാമസം ആക്കേണ്ടിവന്ന കഥയാണ് ആറളം ഫാമിലെ റാപ്പിഡ് റെസ്പോൺസ് ടീമിന് (ആർ.ആർ.ടി) പറയാനുള്ളത്. പുനരധിവാസ മേഖലയിലെ താമസക്കാരുടെ കാവലാൾ എന്നുവേണം ഇവരെ വിളിക്കാൻ. നൂറോളം വരുന്ന ആനകളെ മെരുക്കാൻ ദ്രുത കർമസേനക്ക് 12 സ്ഥിരം സ്റ്റാഫുകളും ഒമ്പത് വാച്ചർമാരുമാണുള്ളത്. ജില്ലയിൽ മുഴുവൻ ജോലിചെയ്യേണ്ട ആർ.ആർ.ടി അംഗങ്ങളാണ് ആറളം ഫാമിൽ മാത്രം ഒതുങ്ങിപ്പോയത്.
ഡെപ്യൂട്ടി റേഞ്ചർ എം. ഷൈനി കുമാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. യന്ത്രവാളും തെങ്കാശി പടക്കങ്ങളുമാണ് ഇവരുടെ പ്രധാന ആയുധം. കൂടാതെ പോയന്റ് 315 റൈഫിൾ അഞ്ചെണ്ണവും, വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടുപിടിക്കാൻ ഉപയോഗിക്കാവുന്ന തെർമൽ ഇമേജ് ഡ്രോൺ, പമ്പ് ആക്ഷൻ ഗൺ രണ്ടെണ്ണവും ഒരു വാഹനവും ആർ.ആർ.ടിക്ക് സ്വന്തമായുണ്ട്. കടുവകളെ അടക്കം പിടികൂടാൻ കഴിയുന്ന രണ്ട് കൂടുകൾകൂടി ആർ.ആർ.ടിക്ക് ലഭിച്ചിട്ടുണ്ട്.
ആർ.ആർ.ടി അംഗങ്ങൾ വന്യമൃഗങ്ങളെ തുരത്തുന്നതിൽ മാത്രമല്ല ഫാമിലെ താമസക്കാരുടെ ആവശ്യങ്ങൾക്കായി അടിയന്തരമായി ഓടിയെത്തുന്നതും പതിവാണ്. രാത്രി വൈകി എത്തുന്നവരെ സുരക്ഷിതമായി വീടുകളിൽ എത്തിക്കുക, ഗർഭിണികളെയും രോഗികളെയും രാത്രിയിൽ സുരക്ഷിതമായി ആശുപത്രികളിൽ എത്തിക്കുക തുടങ്ങിയ കാര്യങ്ങളും ഇവർ ചെയ്യുന്നുണ്ട്. ഏഴുപേർ അടങ്ങുന്ന മൂന്ന് ബാച്ചുകളായാണ് ഡ്യൂട്ടി. മരം വീണ് തടസ്സപ്പെട്ട വഴി ശരിയാക്കൽ, ആന തകർക്കുന്ന ഫെൻസിങ് ശരിയാക്കൽ എന്നിവ ചെയ്യുന്നത് ആർ.ആർ. ടി അംഗങ്ങളാണ്. ജീവൻ പണയം വെച്ചും ആനകളെ തുരത്തുമ്പോൾ ഇവർക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നത് പുനരധിവാസ മേഖലയിലെ കാടുകളാണ്. കാടുകൾ വെട്ടിമാറ്റിയാൽ ആനകൾ വനത്തിലേക്ക് പിൻവലിയുമെന്നാണ് ഇവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.