കേളകം: ബ്രഹ്മഗിരിയുടെ താഴ്വാരത്തിൽ ദേശാടനത്തിനൊരുങ്ങിയ ആൽബട്രോസ് ശലഭങ്ങൾ കണ്ണിനും മനസ്സിനും കുളിരേകി മേഖലയിൽ ശലഭ വസന്തം തീർക്കുകയാണ്. കേരള - കർണാടക അതിർത്തിയിലും, ആറളം വനാതിർത്തിയിലെ ചീങ്കണ്ണിപ്പുഴയുടെ കരകളിലുമാണ് ആൽബട്രോസ് ശലഭക്കൂട്ടങ്ങൾ കൗതുകക്കാഴ്ചയാവുന്നത്.
ശൈത്യകാലത്ത് പതിവ് തെറ്റിക്കാതെ ആൽബട്രോസ് ഇനം പൂമ്പാറ്റകളുടെ ദേശാടനത്തിനും തുടക്കമായി. മഴ നിലച്ചതോടെ പശ്ചിമഘട്ടം താണ്ടിയെത്തിയത് ആയിരക്കണക്കിന് ശലഭങ്ങളാണ്. പുഴയോരങ്ങളിൽ കൂട്ടത്തോടെയിറങ്ങി പോഷകങ്ങൾ വലിച്ചെടുക്കുന്ന ചളിയൂറ്റൽ (Mud Puddling) പ്രക്രിയ നടത്തിയാണ് പൂമ്പാറ്റകൾ അടുത്ത സ്ഥലങ്ങളിലേക്ക് യാത്രയാകുന്നത്.
നനഞ്ഞ മണ്ണിൽനിന്ന് ഉപ്പും അമിനോ ആസിഡുമാണ് ശേഖരിക്കുക. ചിലയിനം പൂമ്പാറ്റകളിലെ ആൺ ശലഭങ്ങളാണ് സാധാരണ ചളിയൂറ്റലിൽ ധാരാളമായി കേന്ദ്രീകരിക്കുന്നതെന്ന് ശലഭ നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്. ആൽബട്രോസ്, അരളി ശലഭം, കടുവാ ശലഭം എന്നിവ ചളിയൂറ്റൽ സ്വഭാവം കാണിക്കുന്നവയാണ്.
ആറളം വന്യജീവി സങ്കേതത്തിലെ ചീങ്കണ്ണിപ്പുഴയോരത്തെ വിവിധ മണൽത്തിട്ടകളാണ് ശലഭ ദേശാടനത്തിന്റെ മുഖ്യകേന്ദ്രങ്ങൾ. വരും ദിവസങ്ങളിൽ കൂടുതൽ ശലഭങ്ങൾ ദേശാടനത്തിനെത്തുന്നതോടെ ആറളം, കൊട്ടിയൂർ വന്യജീവി കേന്ദ്രങ്ങളിൽ ഈ ദൃശ്യം കാണാനും പകർത്താനും സഞ്ചാരികളുമെത്തും. ആറളം വന്യജീവി സങ്കേതത്തിൽ കഴിഞ്ഞ 24 വർഷങ്ങളായി ശലഭ ദേശാടന പഠന ക്യാമ്പുകളും നടക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.