പൊയിലൂരിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ

മാനന്തേരിയിൽ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിനുനേരെ ബോംബേറ്

കൂത്തുപറമ്പ്: മാനന്തേരിയിൽ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന എ.കെ.ജി ഭവനുനേരെ ബോംബേറ്. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മാനന്തേരി സത്രത്തിന് സമീപത്തെ കെട്ടിടത്തിനുനേരെ ബോംബേറുണ്ടായത്. അക്രമിസംഘം ഓഫിസിനുനേരെ ബോംബെറിഞ്ഞശേഷം രക്ഷപ്പെടുകയായിരുന്നു.

ശക്തമായ സ്ഫോടനത്തിൽ കെട്ടിടത്തിന്റെ സൺഷേഡിനും തറക്കും നാശനഷ്ടം സംഭവിച്ചു. ജനൽ ഗ്ലാസുകളും തകർന്നു. ഉഗ്രശേഷിയുള്ള നാടൻ ബോംബാണ് എറിഞ്ഞതെന്നാണ് കരുതുന്നത്.

കണ്ണൂരിൽനിന്നുള്ള ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. ജില്ല പൊലീസ് മേധാവി ആർ. ഇളങ്കോ, കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരും സ്ഥലത്തെത്തി.

കണ്ണവം പൊലീസ് ഇൻസ്പെക്ടർ പി. പ്രദീഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വത്സൻ പനോളി, ജില്ല കമ്മിറ്റി അംഗം കെ. ധനഞ്ജയൻ, ഏരിയ സെക്രട്ടറി ടി. ബാലൻ, എം. സുകുമാരൻ, പഞ്ചായത്ത് പ്രസിഡന്റ് വി. ബാലൻ, യു.പി. ശോഭ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ആക്രമണത്തിനുപിന്നിൽ സാമൂഹിക ദ്രോഹികളാണെന്നും കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

പൊയിലൂർ മേപ്പാട് വയലിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

പാനൂർ: പൊയിലൂർ മേപ്പാട് കുളങ്ങരത്ത് താഴെവയൽ പരിസരത്തുനിന്ന് ഉഗ്ര സ്ഫോടക ശേഷിയുള്ള മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൊളവല്ലൂർ സ്പെഷൽ ബ്രാഞ്ചിന് ലഭിച്ച വിവരത്തെത്തുടർന്ന് എസ്.ഐമാരായ അഖിൽ, അജിത്ത്, സി.പി.ഒ സുനീഷ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്.

വയലിൽ ചളിയിൽ പുതഞ്ഞ നിലയിലായിരുന്നു ബോംബുകൾ. മലയോരമായതിനാൽ ബോംബ് സൂക്ഷിച്ചിടത്തുനിന്നും മഴയത്ത് ഒഴുകി ഇവിടേക്ക് വന്നതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ് സ്റ്റീൽ ബോംബുകൾ നിർവീര്യമാക്കി.

Tags:    
News Summary - Bomber strikes CPM local committee office in Mananderi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.