കൂത്തുപറമ്പ്: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി ബലമായി കാറിൽ കയറ്റിക്കൊണ്ടുപോവുകയും ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. കാര്യാട്ടുപുറത്തെ പി. നസീഫ് (28), വട്ടപ്പാറയിലെ കെ.കെ. റിനാസ് (26), മൂരിയാട്ടെ പി. ഫൈസൽ (31), കുറ്റിക്കാട്ടെ സി. വിവേക് (29) എന്നിവരെയാണ് കണ്ണവം ഇൻസ്പെക്ടർ കെ.വി. ഉമേഷും സംഘവും ബംഗളൂരുവിൽനിന്നും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മേയ് 25ന് രാത്രിയായിരുന്നു സംഭവം. മാനന്തേരിയിലെ മിഥിലാജിനെ (26)യാണ് സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചത്. എരഞ്ഞോളി പാലത്തിന് സമീപംവെച്ച് എട്ടോളം വരുന്ന സംഘം മിഥിലാജിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. ഇയാളുടെ സ്കൂട്ടർ സംഘം കൈക്കലാക്കുകയും ചെയ്തു. തുടർന്ന് പുലർച്ച 1.45ഓടെ മിഥിലാജിനെ ചെറുവാഞ്ചേരിയിൽ ഉപേക്ഷിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് അക്രമത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. ഈ കേസിൽ രണ്ട് പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവരിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്ന നാലുപേരാണ് അറസ്റ്റിലായത്. രണ്ടുപേരെകൂടി പിടികൂടാനുണ്ട്.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്. എസ്.ഐമാരായ ലതീഷ്, സുധീഷ് കുമാർ, എ.എസ്.ഐ അഭിലാഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജേഷ് തെക്കുമ്പാടൻ, സിവിൽ പൊലീസ് ഓഫിസർമാരായ നിസാമുദ്ദീൻ, അഷറഫ്, അനീസ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.