കണ്ണൂർ: കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാനായി കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിൽ ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി ഒരു വർഷം പൂർത്തിയാവുന്നു. കുറഞ്ഞ ചെലവിൽ യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2022 ഫെബ്രുവരി 12ന് ആരംഭിച്ച യാത്ര 170 ട്രിപ്പുകൾ നടത്തി 1.25 കോടി രൂപ വരുമാനം നേടി.
ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരിയിൽ നടത്തുന്ന ടൂർ പാക്കേജ് തയാറായി. വാഗമൺ-കുമരകം, മൂന്നാർ, നെഫ്രിറ്റിറ്റി പാക്കേജുകളാണ് ഇപ്പോൾ ആസ്വദിക്കാനാവുക. ഒന്നാമത്തെ ദിവസം വാഗമണിലും രണ്ടാമത്തെ ദിവസം കുമരകത്തും ചെലവഴിക്കുന്ന വാഗമൺ-കുമരകം പാക്കേജിന് താമസവും ഭക്ഷണവുമുൾപ്പെടെ ഒരാൾക്ക് 3,900 രൂപയാണ്. ഫെബ്രുവരി മൂന്ന്, 10, 17 തീയതികളിൽ വൈകീട്ട് ഏഴിന് യാത്ര പുറപ്പെടും.
മൂന്നാർ പാക്കേജിൽ ഒന്നാമത്തെ ദിവസം അതിരപ്പിള്ളി വെള്ളച്ചാട്ടം സന്ദർശിച്ച് മൂന്നാറിൽ താമസിച്ച് രണ്ടാമത്തെ ദിവസം ഏഴ് സ്ഥലങ്ങൾ സന്ദർശിക്കും. ഭക്ഷണവും പ്രവേശന ഫീസും ഒഴികെ ഒരാൾക്ക് 2,150 രൂപയാണ്. ഫെബ്രുവരി 11നും 25നും രാവിലെ ആറിന് യാത്ര പുറപ്പെടും.
നെഫ്രിറ്റിറ്റി പാക്കേജിൽ ആഡംബരകപ്പൽ യാത്രക്ക് ഒരാൾക്ക് 3,850 രൂപയാണ്. ഫെബ്രുവരി 22ന് രാവിലെ അഞ്ചിന് യാത്ര പുറപ്പെടും. കൂടാതെ എല്ലാ ഞായറാഴ്ചകളിലും വയനാടിലെ എൻ ഊര്, ബാണാസുര സാഗർ ഡാം, ഹണി മ്യൂസിയം, ലക്കിടി വ്യൂ പോയന്റ്, ചങ്ങലമരം, ടീപ്ലാന്റേഷൻ എന്നീ സ്ഥലങ്ങൾ സന്ദർശിക്കും.
നാലു നേരത്തെ ഭക്ഷണവും പ്രവേശന ഫീസുമുൾപ്പെടെ 1,180 രൂപയാണ്. ഫോൺ: 9496131288, 8089463675, 9048298740. ജില്ല കോഓഡിനേറ്റർ കെ.ജെ. റോയി, ഡിപ്പോ കോഓഡിനേറ്റർ കെ.ആർ. തൻസീർ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.