കണ്ണൂർ: വോട്ടെണ്ണലിന് ഒരുദിവസം മാത്രം ബാക്കി നിൽക്കെ പ്രതീക്ഷകളും ആശങ്കകളും ഉള്ളിൽ നിറച്ച് മുന്നണികൾ. കണ്ണൂർ മണ്ഡലത്തിൽ 2019ന്റെ ആവർത്തനമാണോ 2014ലെ അട്ടിമറിയാണോ നടക്കുകയെന്നറിയാൻ വോട്ടർമാരും ആകാംക്ഷയിലാണ്. ആര് ജയിച്ചാലും വലിയ ഭൂരിപക്ഷമുണ്ടാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
25,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മണ്ഡലം നിലനിർത്തുമെന്നാണ് യു.ഡി.എഫിന്റെ കണക്ക്. 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.എം ജില്ല സെക്രട്ടറി കൂടിയായ എം.വി. ജയരാജൻ ജയിക്കുമെന്ന് എൽ.ഡി.എഫും കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ വോട്ട് ബി.ജെ.പിയിലെ സി. രഘുനാഥ് നേടുമെന്ന് എൻ.ഡി.എയും പ്രതീക്ഷിക്കുന്നു.
കഴിഞ്ഞതവണത്തെ 94,559 വോട്ടിന്റെ ഭൂരിപക്ഷം എന്തായാലുമില്ലെന്ന് കോൺഗ്രസ് ഉറപ്പിച്ചുകഴിഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനം മുതൽ എം.പിയെന്ന നിലയിൽ കെ. സുധാകരന്റെ കഴിഞ്ഞ തവണത്തെ പ്രകടനത്തിൽ അണികളും അത്ര തൃപ്തരല്ല. എടുത്തുകാണിക്കാവുന്ന വികസന നേട്ടമോ പാർലമെന്റിലെ പ്രകടനമോ ഇല്ല.
കേന്ദ്ര സർക്കാറിനെതിരായ വിധിയെഴുത്ത് ആയതിനാൽ സി.പി.എമ്മിന് വലിയ റോളില്ലെന്ന നിലക്ക് വോട്ടുകൾ അനുകൂലമാവുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. എതിർസ്ഥാനാർഥിക്ക് അത്ര ജനപിന്തുണയില്ലെന്നും കോൺഗ്രസ് കരുതുന്നു. അരലക്ഷം വരെ ഭൂരിപക്ഷം ഉറപ്പെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.
2014ൽ പി.കെ. ശ്രീമതി ജയിച്ചതുപോലെ ഇത്തവണ കണ്ണൂർ ഒപ്പമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. കെ. സുധാകരനെതിരെ പാർട്ടിക്കകത്തും പുറത്തും കടുത്ത അതൃപ്തിയുണ്ടെന്നും അത് എൽ.ഡി.എഫിന് അനുകൂലമായെന്നുമാണ് മുന്നണിയുടെ കണക്ക്.
ന്യൂനപക്ഷ വോട്ടുകൾ ഗണ്യമായി ലഭിച്ചെന്നും പ്രതീക്ഷിക്കുന്നു. സുന്നി സമസ്ത വിഭാഗത്തിന്റെ വോട്ടും എൽ.ഡി.എഫ് കണക്കുബുക്കിലുണ്ട്. 10,000 മുതൽ 20,000 വോട്ടിന്റെ ഭൂരിപക്ഷം ഉറപ്പാണെന്ന് എൽ.ഡി.എഫ് ജില്ല കൺവീനർ എൻ. ചന്ദ്രൻ പറഞ്ഞു.
കഴിഞ്ഞതവണ കിട്ടിയ 68,509 വോട്ടിനേക്കാൾ കൂടുതൽ വോട്ട് ബി.ജെ.പിയിലെ സി. രഘുനാഥിന് ലഭിക്കുമെന്ന് എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ബിജു ഏളക്കുഴിയും പറയുന്നു.
വടകര മണ്ഡലത്തിന്റെ ഭാഗമായ കൂത്തുപറമ്പും തലശ്ശേരിയും ആര് ജയിക്കുമെന്ന ചർച്ചകൾ സജീവമാണ്. മുൻ ആരോഗ്യമന്ത്രിയും സി.പി.എം നേതാവുമായ കെ.കെ. ശൈലജയും പാലക്കാട് എം.എൽ.എയും കോൺഗ്രസിലെ യുവ മുഖവുമായ ഷാഫി പറമ്പിലും തമ്മിലാണ് പ്രധാന മത്സരം.
സംസ്ഥാനതലത്തിൽ ഉറ്റുനോക്കപ്പെടുന്നതാണ് വടകരയിലെ തെരഞ്ഞെടുപ്പ് ഫലം. കാസർകോട് മണ്ഡലത്തിന്റെ ഭാഗമായ പയ്യന്നൂരും കല്യാശ്ശേരിയും ഇരുമുന്നണികളും പ്രതീക്ഷ പങ്കുവെക്കുന്നു. ചൊവ്വാഴ്ച വോട്ടെണ്ണുന്നതുവരെ ആര് ജയിക്കുമെന്ന ചർച്ചകൾ അരങ്ങുതകർക്കും. വോട്ടെണ്ണൽ കേന്ദ്രമായ ചാല ചിൻടെക്കിൽ ഒരുക്കം പൂർത്തിയായി. വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.