ശ്രീകണ്ഠപുരം: അനുവദിച്ച മിച്ചഭൂമി 13 വർഷത്തിനുശേഷം ലഭിച്ചപ്പോൾ അതിരില്ലാത്ത സന്തോഷത്തിലാണ് ചുഴലി ദേശക്കാർ. ഒപ്പം ഉദ്യോഗസ്ഥർക്ക് നന്ദിയും. 2011ൽ ചുഴലി ദേശത്തെ 43 പേർക്കായി 43 ഏക്കർ ഭൂമിയാണ് സർക്കാർ പതിച്ചു നൽകിയിരുന്നത്.
എന്നാൽ, മേഖലയിൽ വ്യാപക ഭൂമി കൈയേറ്റവും അനധികൃത ചെങ്കൽ ഖനനവും ഉൾപ്പെടെ നടന്നതിനാൽ പലർക്കും ഭൂമി കണ്ടെത്താൻ സാധിച്ചില്ല. 13 വർഷമായി സ്വന്തം ഭൂമി കണ്ടെത്താൻ അവർ പരക്കം പായുകയായിരുന്നു. അതിനിടെയാണ് ഇക്കാര്യമറിഞ്ഞ റീസർവേ സൂപ്രണ്ട് എം.രാജൻ, ഹെഡ് സർവേയർ വി.സി. ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ചുഴലി ദേശത്ത് പരിശോധന നടത്തിയത്. തുടർന്ന് ഭൂമി ലഭിച്ചവരെ വിളിച്ചുവരുത്തി കഴിഞ്ഞ ദിവസം മിച്ചഭൂമി കാണിച്ച് അളന്ന് നൽകുകയായിരുന്നു. നേരത്തേ മിച്ചഭൂമി അനുവദിച്ച 43 പേരിൽ 35 പേർക്കാണ് ഇതോടെ സ്വന്തം മിച്ചഭൂമി കണ്ടെത്താനായത്.
നിലവിൽ ആലക്കോട്, ചുഴലി, വളക്കൈ ശ്രീകണ്ഠപുരം എന്നീ പ്രദേശങ്ങളിൽ താമസിക്കുന്ന കൈവശക്കാർക്കാരാണ് ഭൂമി കണ്ടെത്താനായി ഹാജരായത്. ബാക്കി കൈവശക്കാർക്കും വൈകാതെ ഭൂമി അളന്നു നൽകും. താമസിയാതെ കൊളത്തൂർ ദേശത്ത് ഉൾപ്പെട്ട മിച്ചഭൂമിയും അളന്ന് കൊടുക്കുന്നതാണെന്നും ചുഴലി വില്ലേജിൽ മിച്ചഭൂമി ലഭിച്ചവരുടെ എല്ലാവിധ പ്രയാസങ്ങളും ഡിജിറ്റൽ സർവേ കഴിയുന്നതോടെ ഇല്ലാതാവുമെന്നും അധികൃതർ അറിയിച്ചു. അതോട് കൂടെ വർഷങ്ങളായി നിലനിൽക്കുന്ന മേഖലയിലെ മിച്ചഭൂമി പ്രശ്നങ്ങൾക്ക് പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.