തലശ്ശേരി: പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു ഹരിയാന സ്വദേശി സുശീൽ കുമാറിന്. നഷ്ടപ്പെട്ടുവെന്ന് കരുതിയ മകൻ നവീനിനെ തിരിച്ചുകിട്ടിയപ്പോൾ ആ പിതാവിന്റെ മുഖത്ത് അതിരില്ലാത്ത സന്തോഷം. മൂന്ന് വർഷങ്ങൾക്കിപ്പുറമാണ് ആ കൈകളിൽ മകനെ തിരിച്ചുകിട്ടുന്നത്.
ആനന്ദത്താൽ ആശ്ലേഷിച്ചും ചുംബനം നൽകിയും നവീനിനെ പിതാവ് സുശീൽകുമാർ ചേർത്തുപിടിച്ച ആ നിമിഷം കണ്ടുനിന്നവരിലും സന്തോഷം പരത്തി. തലശ്ശേരി ഗവ. ചിൽഡ്രൻസ് ഹോമാണ് പുനഃസമാഗമത്തിന് വ്യാഴാഴ്ച വേദിയായത്. ഇവിടെയുള്ള ജീവനക്കാരുടെ ഇടപെടലിലാണ് ഭിന്നശേഷിക്കാരനായ നവീൻകുമാറിന്റെ (23) കുടുംബത്തെ മണിക്കൂറുൾക്കകം കണ്ടെത്തിയത്.
14ന് രാത്രി മട്ടന്നൂർ കൊളോളത്ത് സംശയാസ്പദമായ രീതിയിൽ കാണപ്പെട്ട യുവാവിനെ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് മട്ടന്നൂർ പൊലീസെത്തി കണ്ണൂർ സി.ഡബ്ല്യു.സിയുടെ നിർദേശപ്രകാരം തലശ്ശേരി എരഞ്ഞോളിയിലെ ചിൽഡ്രൻസ് ഹോമിൽ എത്തിക്കുകയായിരുന്നു. ഉടൻ ചിൽഡ്രൻസ് ഹോം ജീവനക്കാർ യുവാവിന്റെ രക്ഷിതാക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമമാരംഭിച്ചു. മിസ്സിങ് പേഴ്സൻ കേരള വാട്സ്ആപ് ഗ്രൂപ് അഡ്മിൻ കൂടിയായ ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ഒ.കെ. മുഹമ്മദ് അഷറഫ് വിവിധ ഉത്തരേന്ത്യൻ ഗ്രൂപ്പുകൾ വഴിയും പരിചയക്കാർ വഴിയും നടത്തിയ അന്വേഷണത്തിനൊടുവിൽ ഹരിയാന പഞ്ചഗുള ആന്റി ഹ്യൂമൺ ട്രാഫികിങ് എസ്.ഐ രാജേഷ് കുമാറിന്റെ സഹായത്തോടെ നവീൻ കുമാറിന്റെ കുടുംബത്തെ കണ്ടെത്തുകയായിരുന്നു.
മൂന്നു വർഷം മുമ്പാണ് ഹരിയാനയിലെ ഫാത്തിയാബാദ് ജില്ലയിൽ ടൊഹാന സ്വദേശികളുടെ മകനെ കാണാതാവുന്നത്. ഹരിയാന പൊലീസിൽ പരാതി നൽകുകയും പത്രങ്ങളിൽ പരസ്യമടക്കം നൽകിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ക്രൈംബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനൊപ്പം വ്യാഴാഴ്ച രാവിലെ പിതാവ് തലശ്ശേരിയിലെത്തി യുവാവുമായി സ്വദേശത്തേക്ക് മടങ്ങി. സി.ഡബ്ല്യു.ഐ പി.കെ. ഷിജു, സി.ഡബ്ല്യു.സി ചെയർമാൻ അഡ്വ. രവി എന്നിവരും ചേർന്ന് കുടുംബത്തെ യാത്രയയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.