മാഹി: സ്വാതന്ത്ര്യ ദിനത്തിൽ വീടുകളിൽ ഉയർത്താൻ മാഹി മേഖലയിൽ വിതരണം ചെയ്ത പല ദേശീയ പതാകകളും പതാക നിയമം ലംഘിച്ചെന്ന് വ്യാപക പരാതി. ബി.ജെ.പി -എൻ.ആർ കോൺഗ്രസ് ഭരിക്കുന്ന പുതുച്ചേരിയിൽനിന്ന് കൊണ്ടുവന്ന 9,000 പതാകകളിലാണ് തെറ്റായ രീതിയിൽ തയാർ ചെയ്തവ ഉള്ളത്.
അശോക ചക്രം മധ്യഭാഗത്ത് മുദ്രണം ചെയ്യുന്നതിന് പകരം തെറ്റായ ഭാഗത്താണ് ചെയ്തിട്ടുള്ളത്. മൂന്ന് നിറങ്ങളുടെയും അനുപാതവും പാലിച്ചിട്ടില്ല. കങ്കുമ നിറം മറ്റ് രണ്ട് നിറങ്ങളെക്കാൾ ചെറുതായാണുള്ളത്. ചില പതാകകളിൽ നിറങ്ങൾ പരസ്പരം കലർന്നതായും നാട്ടുകാർ പറഞ്ഞു.
അശോക ചക്രത്തിന് ആവശ്യമായ വലുപ്പമില്ലെന്നും ചിലർ പറഞ്ഞു. നിലവാരം കുറഞ്ഞ പോളിസ്റ്റർ തുണിയിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. പതാക കെട്ടാൻ സാധാരണ ദേശീയ പതാകയുടെ ഇടത് ഭാഗത്ത് താഴെയും മുകളിലുമായി നാട നൽകിയിരുന്നു. എന്നാൽ, ഇവയിൽ വളരെ ചെറിയ ദ്വാരമുണ്ടാക്കി വശം മടക്കി തയ്ച്ചിരിക്കുകയാണ്.
മാസങ്ങളായി വേതനം ലഭിക്കാത്ത അംഗൻവാടി ജീവനക്കാരെയാണ് വിതരണത്തിനായി അധികൃതർ നിയോഗിച്ചിട്ടുള്ളത്. നിലവാരം കുറഞ്ഞ തുണിയിൽ നിർമിച്ച ദേശീയ പതാക അവരോട് സഹതാപം തോന്നിയാണ് 20 രൂപ നൽകി വാങ്ങാൻ നിർബന്ധിതരാകുന്നതെന്ന് ചില വീട്ടുകാർ പറഞ്ഞു.
പുതുച്ചേരി സർവ ശിക്ഷ അഭിയാൻ സംസ്ഥാന തലത്തിൽ നടത്തുന്ന ഹർഘർ തിരംഗ പദ്ധതിയിൽ സ്വാതന്ത്ര്യ സമര ചരിത്രത്തേയും ദേശീയ പതാകയുടെ പ്രാധാന്യത്തേയും കുറിച്ച് സ്കൂൾ വിദ്യാർഥികൾക്ക് അവബോധം നൽകുന്നുണ്ട്.
ഹർഘർ തിരംഗക്ക് വേണ്ടി മാഹിയിലെ വിവിധ റസിഡൻസ് അസോസിയേഷനുകളുടെയും പന്തക്കൽ ആശ്രയ വിമൻസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ദേശീയ പതാക തയ്യാറാക്കുവാൻ തുടങ്ങിയിരുന്നു. 50 രൂപയും 100 രൂപയും വില നിശ്ചയിച്ച് പോളിസ്റ്റർ തുണിയിൽ തയ്യാറാക്കിയ പതാകകൾ വാങ്ങാൻ ആവശ്യക്കാർ കുറഞ്ഞതായാണ് അറിയുന്നത്.
ഇത് സംബന്ധിച്ച് പ്രവാസിയും മയ്യഴിക്കൂട്ടം സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ ജിനോസ് ബഷീർ, റീജനൽ അഡ്മിനിസ്ട്രേറ്റർ, മാഹി നഗരസഭ എന്നിവിടങ്ങളിൽ പരാതി നൽകി. വിതരണം ചെയ്ത പതാകകൾ തിരിച്ച് വാങ്ങി അപാകതകളില്ലാത്ത പുതിയ ദേശീയപതാകകൾ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.