ന്യൂമാഹി: മനംനിറയാനും കൺകുളിർക്കെ കാണാനുമുള്ള ഒരുപാട് കാഴ്ചകളുണ്ട് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. ഇതിന്റെ സാധ്യതകൾ പൂർണമായി ഉപയോഗിക്കപ്പെട്ടിട്ടില്ല. ഈ തിരിച്ചറിവിലാണ് മയ്യഴിപ്പുഴ, ന്യൂമാഹി, ചൊക്ലി തുടങ്ങിയ പ്രകൃതിമനോഹര തീരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടൂറിസം സാധ്യതകളെ കുറിച്ച് ആലോചിക്കാൻ 25ന് ടൂറിസം സെമിനാർ സംഘടിപ്പിക്കുന്നത്. ന്യൂ മാഹി പഞ്ചായത്ത് വൈസ് പ്രസിഡൻറ് അർജുൻ പവിത്രന്റെ നേതൃത്വത്തിലാണ് മയ്യഴിപ്പുഴ ടൂറിസം സെമിനാറിനൊരുങ്ങുന്നത്. ജലകേളീ വിനോദങ്ങൾ ഉൾപ്പെടെ
നടപ്പാക്കി മയ്യഴിപ്പുഴയുടെ തീരങ്ങളെ അണിയിച്ചൊരുക്കണമെന്ന നിർദേശവുമായി എ.എൻ. ഷംസീർ എം.എൽ.എയും ഒപ്പമുണ്ട്. മാഹിപാലം -പെരിങ്ങാടി റോഡ് മുതൽ തീരത്തോട് ചേർന്ന് നടപ്പാതയും ഇരിക്കാനുള്ള ഇടവും ഒരുക്കിയിട്ടുണ്ട്. ന്യൂമാഹി പഞ്ചായത്തിനോട് ചേർന്ന് നിർമിച്ച ബോട്ട് ജെട്ടിയുടെ മനോഹാരിത ടൂറിസ്റ്റുകളെ ആകർഷിക്കും. പുഴയുടെ സമീപത്തെ അടച്ചിട്ട പുരാതന കെട്ടിടങ്ങളും പുഴയോരങ്ങളിലുള്ള പഴയ മാതൃകയിലുള്ള കെട്ടിടങ്ങളും മോടിപിടിപ്പിച്ചാൽ ഗതകാല സ്മരണകൾ സംരക്ഷിക്കപ്പെടും.
ന്യൂമാഹി കലാഗ്രാമത്തിലെ കലാകാരന്മാരെ പ്രയോജനപ്പെടുത്തി പ്രതിവാര കലാവിരുന്ന് ഒരുക്കുകയുമാവാം. റെയിൽവേ പാലം റോഡ് പരിസരം കാടുമൂടിക്കിടക്കുകയാണ്. ഇവിടെ സാമൂഹികവിരുദ്ധശല്യം വർധിച്ചിട്ടുണ്ട്. ഇവിടെയുള്ള കാട് വെട്ടിത്തെളിച്ച് റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതയും ഇരിപ്പിടവുമൊരുക്കിയാൽ സായാഹ്നങ്ങളിലെത്തുന്ന അതിഥികൾക്ക് ഏറെ ആസ്വാദ്യമാവും.
അതേസമയം, പുഴയെ ചേർത്തുപിടിച്ചാവണം മയ്യഴിപ്പുഴ വിനോദസഞ്ചാരമെന്ന് മയ്യഴിപ്പുഴ സംരക്ഷണസമിതി ഭാരവാഹികൾ പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളായി പുഴ മാറുമ്പോൾ മാലിന്യം വലിച്ചെറിയാനുള്ള ചവറ്റുകൊട്ടയായി പുഴയെയോ തീരങ്ങളെയോ കാണുന്ന അവസ്ഥ ഉണ്ടാകരുതെന്നും അത് പുഴയുടെ നാശത്തിണ് കാരണമാവുമെന്ന തിരിച്ചറിവുണ്ടാകണമെന്നും സംരക്ഷണസമിതി വർക്കിങ് ചെയർമാൻ ഷൗക്കത്തലി എരോത്ത് പറഞ്ഞു. വിനോദയാത്ര ബോട്ട്, പെഡൽ ബോട്ട് എന്നിവ ചെറിയ തോതിൽ മാത്രം വഹിക്കാൻ ശേഷിയുള്ള മയ്യഴിപ്പുഴയിൽ സ്പീഡ് ബോട്ട് സർവിസ് നേരത്തെ ഉണ്ടായിരുന്നത് സമിതി ആവശ്യപ്പെട്ടതോടെയാണ് നിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.