മാഹി: ഓണത്തപ്പനായി വേഷം കെട്ടിയിരുന്നു അച്ഛന്റെ പാത പിന്തുടർന്ന് ഓണേശ്വരന്റെ തെയ്യം കെട്ടി വീടുകൾ കയറി അനുഗ്രഹം ചൊരിയുകയാണ് 32കാരനായ മാഹി പുത്തലത്ത് പൊയിൽ ഹൗസിൽ ഷിജിൻ രാജ്. നാലുവർഷത്തോളമായി ഷിജിൻരാജ് ഓണത്തപ്പൻ തെയ്യം വേഷം കെട്ടി വരുന്നുണ്ട്. മാഹിയിലെ അറിയപ്പെടുന്ന തബലിസ്റ്റും ചിത്രകലാകാരനുമായ ഭരതന്റെ മകനാണ് ഷിജിൻ. ഉത്രാടത്തിനും തിരുവോണത്തിനുമായി ഓണപ്പൊട്ടൻ വേഷം കെട്ടാൻ ദിവസങ്ങൾക്ക് മുമ്പേ വ്രതമെടുക്കും.
ഉത്രാട ദിനത്തിന് രാവിലെ വിളക്ക് കത്തിച്ച് മുഖത്തെഴുത്ത് ആരംഭിക്കും. ചായില്യവും, മനയിലയും, ഓട് തിരി കത്തിച്ചുണ്ടാക്കിയ കൺമഷിയുമാണ് മുഖത്തെഴുത്തിന് ഉപയോഗിക്കുക. തലയിൽ കിരീടമേറ്റിക്കഴിഞ്ഞാൽ പിന്നെ ഓണേശ്വരൻ സംസാരിക്കില്ല. പിന്നെ കുരുത്തോല കൊണ്ട് അലങ്കരിച്ച കുടയുമെടുത്ത് വീടുകളിലേക്ക് കയറാനിറങ്ങും. പുത്തലം ക്ഷേത്രത്തിൽ അരിസമർപ്പിച്ചു തൊഴുതശേഷമാണ് ഷിജിൻ വീടുകൾ കയറാൻ തുടങ്ങുക. ആദ്യ ദിനം മാഹി ദേശത്തിന്റെ തെക്കുഭാഗം ചൂടിക്കോട്ട ഭാഗവും രണ്ടാം ദിനം വളവിൽ പാറക്കൽ ആനവാതുക്കൽ മുണ്ടോക്ക് ദേശത്തുമാണ് വീട് കയറുക.
മലയസമുദായക്കാർക്ക് രാജാക്കൻമാർ നൽകിയതാണ് വേഷം കെട്ടാനുള്ള അവകാശം. ഓണപ്പൊട്ടൻ ഓരോ വീടുകളിലുമെത്തി ഐശ്വര്യം നൽകുന്നു എന്നാണ് വിശ്വാസം. ദക്ഷിണയായി അരിയും പണവുമാണ് ലഭിക്കാറ്. പ്രസാദമായി ചെക്കിപ്പൂവും അരിയും വിളക്കിന്മേൽ ഇട്ടനുഗ്രഹിക്കും. 'ഓണപ്പട്ടനും മണിയൊച്ചയും ഓണം വരുന്നു എന്ന സന്ദേശമാണ് ജനത്തിന് നൽകുന്നത്. ജാതിമതഭേദമന്യേ എല്ലാ വീടുകളിലും ഓണത്തപ്പൻ കയറും.
അച്ഛൻ ഭരതൻ വേഷം കെട്ടുന്ന സമയത്ത് എല്ലാ വർഷവും കയറുന്ന ചൂടിക്കോട്ടയിലെ പുരാതന മുസ്ലിം തറവാട്ടിൽ കയറാൻ മറന്നതിനെ ത്തുടർന്ന് വീട്ടിൽ കയറാത്ത കാരണമന്വേഷിച്ച് മുസ്ലിം തറവാട്ടിലെ ചെറുപ്പക്കാർ വീട്ടിലെത്തിയത് ഷിജിന്റെ അമ്മ ഇന്നുമോർക്കുന്നു. യുവതലമുറയിൽപ്പെട്ടവർ ഇത്തരം ഓണത്തപ്പൻ കെട്ടാൻ മടികാണിക്കുമ്പോയും ആചാരവും അനുഷ്ഠാനവും സംസ്കാരവും കൈവിട്ടു പോവാതെ സംരക്ഷിക്കുവാൻ ഭാഗമാവുന്നതിൽ അഭിമാനിക്കുകയാണ് ഷിജിൻ രാജും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.