മാഹി: അപകടം തുടർക്കഥയായ ഈസ്റ്റ് പള്ളൂർ ബൈപാസ് സിഗ്നൽ കവല നാട്ടുകാർക്ക് പേടിസ്വപ്നമാകുന്നു. ശനിയാഴ്ച രണ്ടപകടങ്ങളാണ് ഉണ്ടായത്. നെഞ്ചിടിപ്പോടെയാണ് പലരും സിഗ്നൽ കവല താണ്ടുന്നത്. കവല കടക്കുന്നതിലുള്ള പരിചയക്കുറവാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണമെന്നാണ് പരിസരവാസികൾ പറയുന്നത്. സിഗ്നലിലെ അപാകതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബൈപാസ് നിർമിക്കുന്ന വേളയിൽ ചൊക്ലി-മാഹിപാലം റോഡിന് വേണ്ടി മേൽപാലം നിർമിച്ചിരുന്നെങ്കിൽ അപകടങ്ങൾ ഉണ്ടാവില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ബൈപാസ് ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസമാകുമ്പോഴേക്കും ചെറുതും വലുതുമായ 74 അപകടങ്ങൾ ബൈപാസിലുണ്ടായിട്ടുണ്ട്. സ്കൂൾ തുറക്കുന്നതോടെ അപകടങ്ങൾ വർധിക്കുമോയെന്ന ആശങ്കയുണ്ട്.
സ്കൂൾ വാഹനങ്ങൾ സിഗ്നൽ കവല വഴി പോകരുതെന്ന് എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനത്തിലൂടെ അപകടങ്ങൾ കുറയുമെന്ന് രക്ഷിതാക്കൾ ആശ്വസിക്കുകയാണ്. ശനിയാഴ്ച രാവിലെ 6.30നാണ് ആദ്യ അപകടം നടന്നത്. കണ്ണൂർ ഭാഗത്തുനിന്ന് വടകരയിലേക്ക് ബൈപാസ് പാതയിലൂടെ പോകുകയായിരുന്ന കാറും ഈസ്റ്റ് പള്ളൂർ ഭാഗത്തുനിന്ന് ബൈപാസ് റോഡിലേക്ക് കയറിയ ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.
ഓട്ടോഡ്രൈവർ തമിഴ്നാട് തൂത്തുക്കുടി സ്വദേശി മുത്തുവിന് (67) അപകടത്തിൽ ജീവൻ നഷ്ടമായി. പള്ളൂരിൽനിന്ന് മാഹി റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടം പോയി തിരിച്ചു വരികയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഓട്ടോഡ്രൈവറെ ആദ്യം ചൊക്ലി മെഡിക്കൽ സെന്റിറൽ പ്രഥമ ചികിത്സ നൽകി തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാർ ഡ്രൈവർ ഇരിട്ടി സ്വദേശി സിബി ജോസഫിനെതിരെ (57) പള്ളൂർ പൊലീസ് കേസെടുത്തു.
ആദ്യ അപകടത്തിനുശേഷം നാല് മണിക്കൂർ കഴിഞ്ഞ് ചൊക്ലി റോഡിൽനിന്ന് സിഗ്നൽ കവലയിലേക്ക് കയറി വിദ്യാഭ്യാസ ആവശ്യത്തിനായി വടകരയിലേക്ക് പോവുകയായിരുന്ന കടവത്തൂരിലെ അഴക്കാത്ത് ഹൗസിൽ എ.സി. മുഹമ്മദ് (59), മകൾ റിസ്വാന ജിഹാൻ (22) എന്നിവരെ കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 10 മീറ്ററോളം ദൂരത്തിൽ തെറിച്ചുവീണതായി ദൃക്സാക്ഷികൾ പറഞ്ഞു.
പരിക്കുകളോടെ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കവലയിൽ സിഗ്നൽ ലഭിക്കാനായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച് നാല് ദിവസം മുമ്പ് കാർ ഓടിച്ചിരുന്ന ആലപ്പുഴ സ്വദേശി മുംബെയിൽ വ്യാപാരിയായ ശിവപ്രസാദ് (40) മരിച്ചതിന്റെ ഞെട്ടൽ മാറും മുമ്പേയാണ് വീണ്ടും രണ്ടപകടങ്ങളും ഒരു മരണവുമുണ്ടായത്. പള്ളുർ എസ്.ഐ രാധാകൃഷ്ണൻ, ഗ്രേഡ് എസ്.ഐ രാജേഷ് കുമാർ എന്നിവർ അപകട സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.