മാഹി: പുതുച്ചേരിയിലെ മറ്റു മേഖലകളിൽ വിരമിച്ച അധ്യാപകർക്ക് പുനർ നിയമനം നൽകിയത് പോലെ ജനങ്ങളുടെ എതിർപ്പ് അവഗണിച്ച് മാഹിയിലും നിയമനം നടത്താൻ തകൃതിയായ ശ്രമം തുടരുന്നു. രണ്ടു തവണ രാഷ്ട്രീയ പാർട്ടികളെ വിളിച്ചു ചേർത്ത് സമവായം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും എതിർപ്പിനെ തുടർന്ന് മാഹിയിൽ മാത്രമാണ് നിയമനം നടക്കാതെ പോയത്. വിദ്യാർഥികളുടെ താൽപര്യം മറയാക്കി പി.ടി.എ പ്രതിനിധികളെ സ്വാധീനിച്ചും രാഷ്ട്രീയ പാർട്ടി പ്രതിനിധികളിൽപ്പെട്ടവരെ സ്വാധീനിച്ചും ഒരു മാസത്തേക്ക് മാത്രമുള്ള താൽകാലിക നിയമനമാണെന്ന് പറഞ്ഞുമാണ് നിയമനം നടത്താൻ ശ്രമം നടത്തുന്നത്.
അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകരുടെ കാത്തിരിപ്പിനെ അവഗണിച്ച് എന്തു വില കൊടുത്തും നിയമനം നടത്താനാണ് സർക്കാർ ശ്രമം. ഹൈസ്കൂൾ അധ്യാപകരെ താത്ക്കാലികമായോ സ്ഥിരമായോ നിയമിക്കാനുള്ള ഒരു നടപടിയും കൈക്കൊള്ളാത്ത പശ്ചാത്തലത്തിലാണ് കുറച്ചു കാലത്തേക്കാണെന്ന് പറഞ്ഞു നിയമനത്തിന് മുതിരുന്നത്. പ്രൈമറി സ്കൂൾ അധ്യാപകരെ ഇതേ രീതിയിൽ നിയമിക്കാൻ മുതിർന്നപ്പോൾ പ്രതിഷേധത്തെത്തുടർന്ന് എസ്.എസ്.എ ഫണ്ടുപയോഗിച്ച് അർഹരായ ഉദ്യോഗാർഥികളെ നിയമിച്ചിരുന്നു. വിരമിച്ചവരെ നിയമിക്കാനുള്ള നീക്കം ഒഴിവാക്കി ഇതേ രീതിയിൽ ഹൈസ്കൂൾ അധ്യാപകരെയും നിയമിക്കണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം. മാഹി ആർ.എ ഓഫീസിൽ വ്യാഴാഴ്ച നടത്തുന്ന വിരമിച്ച അധ്യാപകരുടെ അഭിമുഖം കുത്തിയിരിപ്പ് പ്രതിഷേധ സമരം നടത്തി തടയുമെന്ന് മേഖല യൂത്ത് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.