മാഹി: മാഹി മേഖലയിലെ ജനങ്ങൾക്കും വിദ്യാർഥികൾക്കും പുതുച്ചേരി സർക്കാർ യാത്ര സൗകര്യം നിഷേധിക്കുന്നതായി പരാതി. പുതുച്ചേരി പി.ആർ.ടി.സിയുടെ നാല് ബസുകളും ഓടാതായതോടെ കേന്ദ്രീയ വിദ്യാലയം-സ്കൂൾ-കോളജ്-ഐ.ടി.ഐ- പോളിടെക്നിക് സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ദുരിതത്തിലായത്. രക്ഷിതാക്കൾ ഉൾപ്പടെയുള്ള പൊതുജനങ്ങൾക്ക് യാത്രക്കൂലിയായി ഭീമമായ തുകയും നൽകേണ്ടിയും വരും.
ഏറ്റവും ഒടുവിൽ സർക്കാറിന്റെ ഒരു ബസ് മാത്രമാണ് ഓടിയിരുന്നത്. കഴിഞ്ഞ ദിവസം അതിന്റെയും ഓട്ടം നിലച്ചു. 15 വർഷം പൂർത്തിയായതോടെ ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് ഓട്ടം നിർത്തേണ്ടി വന്നത്. അറ്റകുറ്റപ്പണി, ബാറ്ററി മാറ്റൽ, ജീവനക്കാരുടെ കുറവ് തുടങ്ങിയ കാരണങ്ങളാൽ മൂന്ന് ബസുകളുടെ ഓട്ടം 2022 ജനുവരിയിൽ നിലച്ചിരുന്നു.
സ്വകാര്യ വർക്ക് ഷോപ്പുകളിലാണ് അറ്റകുറ്റപ്പണി നടത്തുക. ബാറ്ററി മാറ്റൽ പോലുള്ള ചെലവ് കൂടുതൽവരുന്ന പ്രവൃത്തികൾക്ക് ഫണ്ട് ലഭിക്കാനുള്ള കാലതാമസം ബസിന്റെ ഓട്ടത്തിന് തടസ്സമാകാറുണ്ട്. നാല് ബസുകൾക്ക് എട്ട് ഡ്രൈവർ വേണ്ടിടത്ത് ഉണ്ടായിരുന്നത് വെറും രണ്ട് ഡ്രൈവർമാർ മാത്രം.
ഒരാൾ വിരമിച്ചതോടെ മാഹിയിൽ വനിത ഉൾപ്പടെ 10 കണ്ടക്ടർമാരാണുള്ളത്. രണ്ട് പേർക്ക് പ്രമോഷൻ ലഭിച്ചു. രണ്ട് പേരെ വീതം പുതുച്ചേരിയിലേക്കും കാരക്കലിലേക്കും സ്ഥലം മാറ്റി. വകുപ്പു മന്ത്രിയുടെയും സർക്കാറിന്റെയും കടുത്ത അവഗണന കാരണമാണ് മാഹിയിലെ പൊതുഗതാഗതം ഈ രീതിയിൽ താളംതെറ്റിയെന്ന് യാത്രക്കാർ ആരോപിച്ചു. ജീവനക്കാർക്കും കൃത്യമായി ശമ്പളം ലഭിക്കുന്നുമില്ല.
മാഹി റെയിൽവേ സ്റ്റേഷൻ മുതൽ ചാലക്കര വഴിയും പളളൂർ സ്പിന്നിങ് മിൽ, ചൊക്ലി വഴിയുമാണ് രണ്ട് റൂട്ടുകളിലായി പന്തക്കൽ മൂലക്കടവിലേക്ക് ബസ് ഓടിയിരുന്നത്. ഏതാണ്ട് 10 കിലോമീറ്റർ ദൂരത്തിൽ രണ്ട് സ്വകാര്യ ബസുകൾ ഉൾപ്പെടെ 10 ബസുകൾ ഓടിയിരുന്നിടത്ത് സഹകരണ ട്രാൻസ്പോർട്ട് സൊസൈറ്റിയുടെ രണ്ട് ബസുകൾ മാത്രമാണ് ഇപ്പോൾ യാത്രക്കാർക്ക് ആശ്രയമായുള്ളത്.
ഇവ ഓടുന്നത് ചാലക്കര റൂട്ടിൽ മാത്രവും. പി.ആർ.ടി.സിയുടെ ചില റൂട്ടുകൾ ഏറ്റെടുത്ത് നടത്തുന്നതിനുള്ള പെർമിറ്റ് സഹകരണ സൊസൈറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും തടസ്സം കാരണം മുടങ്ങി.
സർക്കാർ ബസുകൾ നാലും കട്ടപ്പുറത്തായെങ്കിലും അധികൃതർക്ക് യാതൊരു അനക്കവുമില്ല. പുതുച്ചേരിയിൽ നിന്ന് പകരം ബസുകൾ അയക്കാനോ ഫിറ്റ്നസ് കാലാവധി പുതുക്കാനോ മറ്റ് ബദൽ സംവിധാനം ഏർപ്പെടുത്താനോ സർക്കാർ തയാറായിട്ടില്ല. പുതുച്ചേരിയിൽ നിന്ന് മിനി ബസുകൾ മാഹിയിലെത്തിച്ച് സർവിസ് നടത്തണമെന്ന എം.എൽ.എയുടെ ആവശ്യവും അധികൃതർ അവഗണിക്കുകയാണ്.
മൂലക്കടവ് മുതൽ പള്ളൂർ വരെയുള്ള ഭാഗങ്ങിൽ നിന്നുള്ള യാത്രക്കാർ മാഹിയിലെത്താനും തിരികെ പോകാനും ഏറെ ബുദ്ധിമുട്ടുകയാണ്. 20 രൂപ ബസിന് വേണ്ടിടത്താണ് ഓട്ടോറിക്ഷക്ക് 300 രൂപയും അതിൽ കൂടുതലും കൊടുക്കേണ്ടി വരുന്നത്. സർക്കാർ ഓഫിസുകളേറെയും സ്ഥിതി ചെയ്യുന്നത് മാഹി ടൗണിലെ സിവിൽ സ്റ്റേഷനിലാണ്.
36 സ്കൂളുകളിൽ ഏറെയും സ്ഥിതി ചെയ്യുന്നതും മാഹിയിലും പള്ളൂരിലുമാണ്. ഏഴ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും ഇവിടെ തന്നെയാണ്. പൊതുഗതാഗതം നിലനിർത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെങ്കിൽ സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികൾ ദുരിതത്തിലാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.