മാഹി: പുതുച്ചേരി ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ മാഹിയിൽ തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിക്കുന്നത് വനിതകൾ. മാഹിയിലെ 31 പോളിങ് ബൂത്തുകളിലും പൂർണമായും വനിത ഉദ്യോഗസ്ഥകളെയാണ് നിയോഗിക്കുന്നത്. ഓരോ ബൂത്തിലും ചുരുങ്ങിയത് ഒരു വനിത പൊലീസും ഉണ്ടാവും. 30 സി.ഐ.എസ്.എഫ്, 90 സി.എസ്.എഫ്, 60 വനിത പൊലീസ് ഉൾപ്പടെയുള്ള സേന പുതുച്ചേരിയിൽനിന്ന് മാഹിയിലെത്തും.
മാഹിയിൽ 19നാണ് തെരഞ്ഞെടുപ്പ്. 31 ബൂത്തുകളിലും വോട്ടെടുപ്പിനുള്ള ഒരുക്കം പൂർത്തിയായതായി മാഹി അഡ്മിനിസ്ട്രേറ്ററും അസി. റിട്ടേണിങ് ഓഫിസറുമായ ഡി. മോഹൻകുമാർ അറിയിച്ചു. മാഹിയിലെ 31038 വോട്ടർമാരിൽ ഭൂരിപക്ഷവും വനിതകളാണ്. പുരുഷന്മാരെക്കാൾ 2312 വനിതകൾ കൂടുതലാണ്. 26 സ്ഥാനാർഥികൾക്ക് രണ്ട് ബാലറ്റ് യൂനിറ്റുകൾ ഓരോ പോളിങ് ബൂത്തിലും ഉണ്ടാവും. ഒമ്പതിന് ഇ.വി.എം മെഷീൻ മാഹിയിൽ എത്തും. 11ന് യന്ത്രത്തിന്റെ പ്രവർത്തനം പരിശോധിക്കും. പള്ളൂർ വി.എൻ. പി സ്കൂൾ മാതൃക പോളിങ് സ്റ്റേഷനും യു.ജി.എച്ച്.എസ്. ചാലക്കര, യൂത്ത് പോളിങ് സ്റ്റേഷനും ഗവ.എൽ.പി സ്കൂൾ മാഹി ശാരീരിക വൈകല്യമുള്ളവർ നിയന്ത്രിക്കുന്ന പോളിങ് സ്റ്റേഷനുമാണ്.
വീടുകളിൽനിന്ന് ചെയ്യേണ്ട 85 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുടെയും അംഗ പരിമിതരുടെയും വോട്ടിങ് പൂർത്തിയായി. ആകെയുള്ള 269 പേരിൽ 258 പേർ വോട്ട് ചെയ്തു. രണ്ട് പേർ മരിച്ചു. ഒമ്പത് പേർക്ക് വോട്ട് ചെയ്യാനായില്ല. ഇവർ ആശുപത്രിയിലും താമസം മാറിയതിനാലുമാണിത്.
17 മുതൽ 19 വരെയും കേരളത്തിൽ 26ന് തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി 24 മുതൽ 26 വരെയും മാഹി മേഖലയിൽ മദ്യശാലകൾക്ക് അവധിയായിരിക്കും. ചട്ടലംഘനവും തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച ലംഘനവും പരിശോധിക്കാൻ എസ്.എസ്.ടി ചെക് പോസ്റ്റ്, ഫ്ലയിങ് സ്ക്വാഡ് എന്നിവ പ്രവർത്തിക്കുന്നുണ്ട്. മതിയായ രേഖകളില്ലാത്തതിനാൽ 4.10 ലക്ഷം പിടികൂടിയതിൽ 2.10 ലക്ഷം രൂപ രേഖകൾ ഹാജരാക്കിയപ്പോൾ തിരികെ നൽകി. അനധികൃത മദ്യവിതരണം തടയാൻ എക്സൈസ് സ്ക്വാഡും പ്രവർത്തിക്കുന്നുണ്ട്.
ജനറൽ ഒബ്സർവറും എക്സ്പെൻഡിച്ചർ ഒബ്സർവറും മാഹിയിലെത്തി തെരഞ്ഞെടുപ്പ് ഒരുക്കം പരിശോധിച്ചു. തെരഞ്ഞെടുപ്പ് സംബന്ധമായ പരാതി നൽകാൻ ഗവ. ഹൗസിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. 1950 എന്ന ടോൾ ഫ്രീ നമ്പറിലും പരാതി നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.