മാഹി: ഒരു നിയോജക മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളും വനിതകൾ നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം നിർവഹിക്കുന്ന ആഹ്ലാദത്തിലാണ് മാഹി ജനത ഒന്നടങ്കം. രാജ്യത്തെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പോളിങ് വെള്ളിയാഴ്ച ആരംഭിക്കുമ്പോൾ പുതുച്ചേരി സംസ്ഥാനത്തെ മാഹിയിൽ ആകെയുള്ള 31,038 വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിക്കുന്ന രീതിയിലാണ് മാഹി അഡ്മിനിസ്ട്രേഷന്റെ ഒരുക്കം.
മാഹി നിയമസഭ മണ്ഡലത്തിൽ 2,312 സ്ത്രീ വോട്ടർമാർ പുരുഷന്മാരെക്കാൾ കൂടുതലുണ്ട്. 14,363 പുരുഷന്മാരും 16,675 സ്ത്രീകളുമാണുള്ളത്. 31 ബൂത്തുകളിലും പോളിങ് ഓഫിസർ, പ്രിസൈഡിങ് ഓഫിസർമാർ എന്നിവരെക്കൂടാതെ സുരക്ഷക്കായി ഒരു വനിത പൊലീസ് ഉദ്യോഗസ്ഥയുമുണ്ടാവും.
140 വനിത ഉദ്യോഗസ്ഥർക്ക് ഇതിനായി മൂന്നു തവണ പരിശീലനം നൽകി നിയമിച്ചതായി അസി. റിട്ടേണിങ് ഓഫിസർ ഡി. മോഹൻ കുമാർ അറിയിച്ചു. മാഹി നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സവിശേഷമാക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചകൾ വിജയിച്ചതിനെതുടർന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതിയും ലഭിച്ചതോടെയാണ് ഇക്കുറി പൂർണമായും ബൂത്തുകൾ വനിത ഉദ്യോഗസ്ഥർ നയിക്കുന്നതരത്തിൽ ആസൂത്രണം ചെയ്തത്.
മാഹിയിൽ വനിത പൊലീസ് അംഗബലം കുറവായതിനാൽ സുരക്ഷക്കായി കേരള പൊലീസ് വനിത വിങ്ങും എത്തും. 85 വയസ്സ് കഴിഞ്ഞ അസുഖബാധിതരുടെ വീടുകളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എത്തി നേരത്തേ വോട്ട് ചെയ്യിപ്പിച്ചു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ഛത്തിസ്ഗഢിൽ നോർത്ത് റായിപ്പുരിലാണ് വനിതകൾ മാത്രം നയിച്ച ബൂത്ത് സജ്ജമാക്കിയത്. തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മാഹിയിലെ മദ്യശാലകൾ അടച്ചു. കേന്ദ്ര സേനയടക്കമുള്ള പൊലീസ് സംഘം വാഹന പരിശോധനയും കർശനമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.