മാഹി: മുഖ്യമന്ത്രി രംഗസാമി ഉറപ്പു നൽകിയ സർജന്മാരുടെ സ്റ്റെപൻഡ് തുക വർധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മാഹി രാജീവ്ഗാന്ധി ആയുർവേദ മെഡിക്കൽ കോളജിൽ ഹൗസ്സർജന്മാർ തിങ്കളാഴ്ച ഒ.പിക്ക് മുന്നിൽ സൂചന സമരം നടത്തി. 2022 നവംബറിൽ പുതുച്ചേരി മുഖ്യമന്ത്രി രംഗസാമി ഹൗസ് സർജന്മാരുടെ സ്റ്റൈപ്പൻഡ് തുക 5,000ൽ നിന്ന് 20,000 രൂപയായി വർധിപ്പിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു.
ഒരു വർഷം പിന്നിട്ടിട്ടും വർധനവുണ്ടായില്ലെന്ന് മാത്രമല്ല, കിട്ടേണ്ട 5,000 രൂപ കൃത്യസമയത്ത് ലഭിക്കാറില്ലെന്നും സമരക്കാർ പരാതിപ്പെട്ടു. ഇന്റേൺഷിപ് പൂർത്തിയാക്കി കോളജിൽ നിന്ന് ഇറങ്ങിയ ഹൗസ് സർജന്മാർക്കുപോലും പൂർണമായും സ്റ്റെപ്പെൻഡ് ലഭിച്ചില്ലെന്നും ഇത് കാരണം പുതുച്ചേരി, മാഹി, യാനം, കാരക്കൽ, ലക്ഷദ്വീപ്, കേരളം എന്നീ സ്ഥലങ്ങളിൽ നിന്ന് പഠിക്കാനെത്തിയ ഹൗസ് സർജന്മാർ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നതായും ചൂണ്ടിക്കാട്ടി. 61 പേരാണ് ഇന്റേൺഷിപ് ചെയ്യുന്ന ഹൗസ് സർജന്മാരായി മാഹിയിലുള്ളത്.
വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഹൗസ് സർജന്മാർ ആവശ്യപ്പെട്ടു. 15 ദിവസത്തിനുള്ളിൽ സ്റ്റൈപ്പൻഡ് വിഷയത്തിൽ പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിനിറങ്ങുമെന്ന് ഹൗസ് സർജന്മാർ അറിയിച്ചു. കെ. വംസി, സെബ ജോസി, എസ്. സെന്തമി സെൽവൻ, വി.പി. അഷിത എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.