മാഹി: മാഹിയുൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് ഏപ്രിൽ 19ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേഖലയിലെ പെട്രോൾ പമ്പുകളിൽനിന്ന് കന്നാസുകളിലും കുപ്പിയിലും ഉപഭോക്താക്കൾക്ക് ഇന്ധനം നൽകുന്നതിൽ വിലക്ക് ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. സുരക്ഷയുടെ ഭാഗമായാണിത്. ഇതുകാരണം കാർഷിക ആവശ്യത്തിന് മോട്ടോർ പ്രവർത്തിപ്പിക്കുവാനും കാട് വെട്ട് തൊഴിലാളികൾക്കും കന്നാസിൽ വിലക്കുറവിൽ പെട്രോൾ കിട്ടാതായി.
നിരവധി പേർ മാഹിയിലെ പമ്പുകളിൽ കന്നാസുമായി എത്തുന്നുണ്ടെങ്കിലും ഇന്ധനം നൽകുന്നില്ല. ഇത്തരം ഉപഭോക്താക്കൾ തലശ്ശേരി, പാനൂർ പട്ടണത്തിലേക്ക് കന്നാസുമായി ബസിൽ കയറി ലിറ്ററിന് 13 രൂപ അധികം കൊടുത്ത് ഇന്ധനം വാങ്ങുകയാണ്.
പെട്രോൾ പമ്പിലേക്ക് കാട് വെട്ട് തൊഴിലാളി തന്റെ യന്ത്രവുമായി നേരിട്ടെത്തി ടാങ്കിൽ പെട്രോൾ നിറച്ച് യന്ത്രം ചുമന്ന് കൊണ്ടുപോയത് കൗതുകമായി.
മാഹി മേഖലയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ അതിർത്തി പ്രദേശങ്ങളിൽ താൽക്കാലിക ചെക്ക് പോസ്റ്റ് സ്ഥാപിച്ച് വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. മാഹി ടൗണിൽ പൂഴിത്തല, മാഹിപ്പാലം, പള്ളൂരിൽ ചൊക്ലി, പാറാൽ, പന്തക്കലിൽ കോപ്പാലം, മാക്കുനി എന്നിവിടങ്ങളിലാണ് താൽക്കാലിക ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്രസേനയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.